ഗൾഫിലെ ഇറാൻ ആക്രമണം: നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി യുഎഇ

നിയമലംഘകർ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കി

​ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരെ മുന്നറിയിപ്പുമായി യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി. അത്തരം ദൃശ്യങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും രാജ്യത്തെ യഥാർത്ഥ സാഹചര്യത്തെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കാനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ ജാഗ്രതയോടെയാണ് തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതെന്ന് അൽ ഷംസി ഉറപ്പിച്ചു കൂട്ടിച്ചേർത്തു. സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുക്കയും ദൈനംദിന ജീവിതം സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോകുകയും ചെയ്യുന്നുണ്ടെന്ന് ഹമദ് സൈഫ് അൽ ഷംസി ചൂണ്ടിക്കാട്ടി. അതിനാൽ, ഇത്തരം ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് അധികൃതരുടെ രക്ഷാപ്രവർത്തനങ്ങളെയും സുരക്ഷാ നടപടികളെയും തടസ്സപ്പെടുത്താൻ കാരണമാകുമെന്നതിനാൽ വ്യക്തികൾ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഔദ്യോഗിക സ്ഥാപനങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ചിലർ ഇപ്പോഴും നാശനഷ്ടങ്ങൾ ചിത്രീകരിക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നത് തുടരുന്നതായി അറ്റോർണി ജനറൽ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ദൃശ്യങ്ങളോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ പങ്കുവെക്കുന്നത് പൊതുജന പരിഭ്രാന്തിക്കും വ്യാജവാർത്താ പ്രചാരണത്തിനും സാമൂഹിക സുരക്ഷയ്ക്ക് ദോഷകരമായും ബാധിച്ചാൽ അത് നിയമലംഘനമാണെന്ന് ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. നിയമലംഘകർ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കി.

Content Highlights: The UAE has warned residents not to share images or videos showing damage following the Iran attack in the Gulf, stressing that spreading such content could violate security regulations.

To advertise here,contact us