പശ്ചിമേഷ്യയിലെ പ്രത്യേക രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെത്തുടർന്ന് ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഗ്ലോബൽ വില്ലേജ്, ഐൻ ദുബായ്, ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് എന്നിവ ഇന്നും അടഞ്ഞുതന്നെ കിടക്കുമെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
കൂടാതെ, ദുബായ് ഫ്രെയിം, വൈൽഡ് വാദി വാട്ടർ തീം പാർക്ക്, റാസൽഖൈമയിലെ ജെബൽ ജെയ്സ് എന്നിവിടങ്ങളിലെ വിനോദസഞ്ചാര ആകർഷണങ്ങൾക്കും നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.
ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർക്ക് പണം തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശകർക്ക് അതത് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ കസ്റ്റമർ കെയർ നമ്പറുകളിലൂടെയോ ബന്ധപ്പെടാവുന്നതാണ്.
യുഎഇയിലെ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ, വിവിധ രാജ്യങ്ങളുടെ പവലിയനുകൾ ഉൾക്കൊള്ളുന്ന വിനോദസഞ്ചാര കേന്ദ്രമായ 'ഗ്ലോബൽ വില്ലേജ്' മാർച്ച് ഒന്ന് മുതൽ അടച്ചിട്ടിരിക്കുകയാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജബൽ ജെയ്സും അവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചിടുമെന്ന് മാർച്ച് ഒന്നിന് അധികൃതർ അറിയിച്ചിരുന്നു. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് മാത്രമേ ഇവിടം വീണ്ടും തുറക്കൂ. ഔദ്യോഗിക നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതരും പൊതുസ്ഥാപനങ്ങളും താമസക്കാരോടും സന്ദർശകരോടും അഭ്യർത്ഥിച്ചു.
Content Highlights: Dubai’s tourist attractions remain closed today as authorities prioritize public safety, urging visitors to follow safety protocols amid ongoing security concerns.