അബുദാബിയിൽ നിന്നും വിമാന സർവ്വീസുകൾ ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നുമുതൽ യാത്രാ വിമാനങ്ങൾ പറന്നു തുടങ്ങുമെന്ന് എത്തിഹാദ് എയർവെയ്സ് അധികൃതർ അറിയിച്ചു. എത്തിഹാദ് എയർവെയ്സിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ യാത്ര മുടങ്ങിയവർക്ക് പുതിയ വിമാനങ്ങളിൽ അവസരം ലഭിക്കും.
എത്തിഹാദ് എയർവേയ്സിൽ നിന്ന് നേരിട്ട് ബന്ധപ്പെടുകയോ അല്ലെങ്കിൽ ഈ പുതിയ വിമാനങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റ് ഉറപ്പാക്കുകയോ ചെയ്യാത്ത പക്ഷം ആരും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു. വിപുലമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് വിമാന സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സാഹചര്യം എത്തിഹാദ് എയർവേയ്സ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കിയാൽ മാത്രമേ വിമാന സർവീസുകൾ നടത്തുകയുള്ളൂവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വിമാന സർവീസുകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ http://etihad.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അബുദാബിയിലേക്കും അവിടെ നിന്നുമുള്ള മറ്റെല്ലാ ഷെഡ്യൂൾഡ് വാണിജ്യ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബുദ്ധിമുട്ട് നേരിട്ട് യാത്രക്കാർക്ക് അവരുടെ വിമാനത്തിന്റെ വിവരങ്ങളും ലഭ്യമായ മറ്റ് മാർഗ്ഗങ്ങളും വ്യക്തമാക്കിക്കൊണ്ട് എത്തിഹാദിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ ലഭിക്കുന്നതാണ്. യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും കൂടുതൽ വിവരങ്ങൾക്കായി ഇമെയിൽ പരിശോധിക്കാനും അധികൃതർ വ്യക്തമാക്കി.
Content Highlights: Flight services from Abu Dhabi have been partially restored, offering relief to passengers whose travel plans were disrupted earlier. Airlines have resumed limited operations from the airport