പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാന്‍ കഴിയാത്തവരുടെ ഓവര്‍സ്റ്റേ പിഴ ഒഴിവാക്കി യുഎഇ. വിമാനങ്ങള്‍ റദ്ദാക്കിയതോ പുനക്രമീകരിച്ചതോ കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഐസിപി അറിയിച്ചു.
വ്യോമാതിര്‍ത്തിയിലെ തടസങ്ങളും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും കാരണം യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ പ്രഖ്യാപനം. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്കുള്ള ഓവര്‍സ്റ്റേ പിഴ പൂര്‍ണമായും ഒഴിവാക്കും. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ വിസാ കാലാവധി കഴിഞ്ഞവര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.
സന്ദര്‍ശന വിസയുടെയോ ടൂറിസ്റ്റ് വിസയുടെയോ കാലാവധി കഴിഞ്ഞവര്‍, ഡിപ്പാര്‍ച്ചര്‍ പെര്‍മിറ്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ കഴിയാത്തവര്‍, റസിഡന്‍സി വിസ റദ്ദാക്കിയ ശേഷം യാത്ര തടസ്സപ്പെട്ട താമസക്കാര്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ഐസിപി അറിയിച്ചു.
യാത്രക്കാര്‍ക്ക് അവരുടെ വിസയുടെ കാലാവധിയും നിലവിലെ സ്റ്റാറ്റസും ഓണ്‍ലൈന്‍ വഴി പരിശോധിക്കാനാകും. ദുബായിലെ താമസക്കാര്‍ക്ക് ജിഡിആര്‍എഫ്എയുടെ വെബ്സൈറ്റില്‍ ആപ്ലിക്കേഷന്‍ നമ്പറോ ഫയല്‍ നമ്പറോ നല്കിയാല് വിവരങ്ങള്‍ ലഭിക്കും. അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്ക് ഐ.സിപിയുടെ സ്മാര്‍ട്ട് സര്‍വീസിലൂടെ വിവരങ്ങള്‍ മാനസിലാക്കാനാകും.
അതിനിടെ നിയന്ത്രണങ്ങള്‍ക്കിടയിലും ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് പരിമിതമായ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴിയും ഒമാന്‍ എയര്‍ പോലുള്ള വിമാനക്കമ്പനികള്‍ വഴിയും യാത്രക്കാര്‍ മടങ്ങിത്തുടങ്ങി. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനുമായി ബന്ധപ്പെട്ട ടിക്കറ്റ് കണ്ഫര്മേഷന് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: The UAE has waived overstay fines for expatriates who could not leave the country after their visa expired due to the ongoing West Asian conflict, offering relief to stranded residents.