വാണിജ്യ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം; കർശന നടപടിയുണ്ടാകുമെന്ന് യുഎഇ

അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യുഎഇയില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധനവോ വാണിജ്യ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി സാമ്പത്തിക, ടൂറിസം മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ പരാതികള്‍ സമര്‍പ്പിക്കാനാകും. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സംഘര്‍ഷ സാഹചര്യങ്ങള്‍ മുതലെടുത്ത് ചില വ്യാപാര സ്ഥാപനങ്ങള്‍ ഉത്പ്പന്നങ്ങള്‍ക്ക് ക്രിത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഏതെങ്കിലും സ്ഥാപനങ്ങള്‍ അമിത വില ഈടാക്കിലായാല്‍ അക്കാര്യം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സാമ്പത്തിക, ടൂറിസം മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഇലക്ട്രോണിക് ഉപഭോക്തൃ പരാതി സേവനത്തിലൂടെയോ വിവരങ്ങള്‍ കൈമാറാനാകും. ഇതിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍ വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴിയും പരാതികള്‍ സമര്‍പ്പിക്കാമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

വിപണിയില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പൊതുജനങ്ങളുടെ സഹകരണം കൂടി മന്ത്രാലയം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അനാവശ്യമായ വിലക്കയറ്റം തടയാനും ഉപഭോക്താക്കളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. അവശ്യവസ്തുക്കളുടെ വില മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ വിതരണ തടസ്സങ്ങളോ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ ദൗര്‍ലഭ്യമോ ഇല്ല. രാജ്യത്തിന്റെ ഭക്ഷ്യശേഖരം ദേശീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണെന്നും ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കിക്കൊണ്ട് വിതരണ ശൃംഖലകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: The UAE has urged the public to report commercial law violations, warning that strict action will be taken against offenders.

To advertise here,contact us