സമൂഹമാധ്യമങ്ങളിലെ അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് അവയുടെ സത്യാവസ്ഥ പരിശോധിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊതുജനങ്ങളോട് ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു.
ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം ഒരു ബോധവൽക്കരണ സന്ദേശത്തിലൂടെ ഡിപ്പാർട്ട്മെന്റ് ഊന്നിപ്പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അവർ വ്യക്തമാക്കി.
ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിൽ വ്യക്തികൾ സജീവ പങ്കുവഹിക്കണമെന്നും കമ്മ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഓരോ ഉപയോക്താവും ഉത്തരവാദിത്തമുള്ള പങ്കാളികളാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതിനിടെ പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന വ്യാജ ഫോൺ കോളുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 70614213 എന്ന നമ്പറിൽ നിന്നോ സമാനമായ മറ്റ് നമ്പറുകളിൽ നിന്നോ വരുന്ന കോളുകളുമായി മന്ത്രാലയത്തിന് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഫോൺ കോളുകൾ ഇലക്ട്രോണിക് തട്ടിപ്പിന്റെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും പ്രത്യേകിച്ച് തിരിച്ചറിയൽ നമ്പറുകളോ വെരിഫിക്കേഷൻ കോഡുകളോ (OTP) പോലുള്ള സുപ്രധാന വിവരങ്ങൾ കൈമാറരുതെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും ഫോൺ കോളുകളിലൂടെയോ അജ്ഞാത ലിങ്കുകളിലൂടെയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം പ്രതികരിച്ചു. ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെ സ്രോതസ്സുകളെ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: