ദുബായിലെ പ്രധാധ പാര്‍ക്കിംഗ് മേഖലകളില്‍ ആയിരം സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നു. പാര്‍ക്കിംഗ് സൗകര്യങ്ങളുടെ ലഭ്യത മൂന്‍കൂട്ടി മനസിലാക്കി ഗതാഗതക്കുരുക്ക് കുറക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പാര്‍ക്കിംഗ് സേവന ധാധാക്കളായ പാര്ക്കിന് കമ്പനി വ്യക്തമാക്കി.
ദുബായ് വേര്‍ഡ് ട്രേഡ് സെന്റര്‍ പോലുള്ള പ്രധാന കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പാര്‍ക്കിംഗ് മേഖലകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക. ഇത്തരം സ്ഥലങ്ങളില്‍ മെഗാ ഇവന്റുകള്‍ ഉള്‍പ്പെടെ നടക്കുന്ന സമയങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുടെ ലഭ്യത നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ ക്യാമറകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പൊതു ജനങ്ങള്‍ ഈവന്റ് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ലഭ്യമായ പാര്‍ക്കിംഗ് ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിലൂടെ ഗതാഗത തിരക്ക് കുറയ്ക്കാനും കഴിയും.
ലൈവ് വീഡിയോയും ചിത്രങ്ങളുമടങ്ങിയ ഫീഡുകള്‍ സ്മാര്‍ട്ട് ഇന്സ്പെക്ഷന് ഓപ്പറേഷന്‍സ് റൂമുമായി ബന്ധിപ്പിച്ചായിരിക്കും പ്രവര്‍ത്തനം. നഗര അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രധാന ഘടകമാണ് പാര്‍ക്കിംഗ് എന്നും ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നും പാര്ക്കിന് കമ്പനി സിഇഒ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടോ ദുബായിലെ പാര്‍ക്കിംഗ് മേഖലകളോട് ചേര്‍ന്ന് ഇരുന്നൂറോളം ഇലക്ട്രിക് വാഹന ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും പാര്ക്കിന് ലക്ഷ്യമിടുന്നു.
ആദ്യഘട്ടത്തില്‍ 100 ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായി ദേവയുമായി കരാറില്‍ ഒപ്പുവച്ചു. ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഡ്രൈവറില്ലാ ടാക്സികള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സോണ്‍ ഒരുക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആര്ടിഎയുമായും മറ്റ് ഓപ്പറേറ്റര്‍മാരുമായും സാങ്കേതിക വശങ്ങള് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണമെന്ന് പാര്ക്കിന് അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ദുബായില്‍ പറക്കും ടാക്സികള്‍ സര്‍വീസ് ആരംഭിക്കുമ്പോള്‍ അവക്കായി പാര്‍ക്കിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഏകീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നും പാര്ക്കിന് കമ്പനി വ്യക്തമാക്കി.
Content Highlights: Dubai announces installation of 1,000 smart cameras in major parking areas as part of a new smart mobility initiative aimed at improving traffic management, monitoring violations, and enhancing public safety.