ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ആശ്വാസം; പുതിയ പാലം തുറന്ന് ആർടിഎ

ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി പുതിയ പാലം തുറന്ന് റോഡ്‌സ് അന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി തുറന്ന മൂന്നാമത്തെ പാലമാണിത്. പുതിയ പാലം നിലവില്‍ വന്നതോടെ ഇതുവഴിയുള്ള യാത്രാസമയം വലിയ തോതില്‍ കുറഞ്ഞതായി ആര്‍ടിഎ വ്യക്തമാക്കി.

ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. 1,00 മീറ്റര്‍ നീളമുള്ള പാലത്തിന് രണ്ട് ലെയിനുകളിലായി മണിക്കൂറില്‍ 3,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. അല്‍ കരാമ, ദെയ്റ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളിലേക്കുള്ള യാത്ര ഇതോടെ കൂടുതല്‍ എളുപ്പമായി. ഇതുവഴിയുള്ള യാത്രാസമയം ആറ് മിനിറ്റില്‍ നിന്ന് ഒരു മിനിറ്റായി കുറക്കാനയതായി റോഡ്‌സ് അന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

അഞ്ച് പ്രധാന റോഡുകള്‍ കൂടിച്ചേരുന്ന പ്രദേശം കൂടിയാണ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതികളില്‍ ഒന്നാണിതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ പറഞ്ഞു. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി ആര്‍ടിഎ തുറന്ന മൂന്നാമത്തെ പാലമാണിത്. സെക്കന്റ് സ്ട്രീറ്റില്‍ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കും അല്‍ മജ്ലിസ് സ്ട്രീറ്റിലേക്കും ഗതാഗതം സുഗമമാക്കുന്നതിനായി രണ്ട് പാലങ്ങള്‍ ഡിസംബറില്‍ തുറന്നിരുന്നു. ആകെ അഞ്ച് പാലങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയിലെ ശേഷിക്കുന്ന രണ്ടെണ്ണം കൂടി ഒക്ടോബറില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. 60 ശതമാനത്തിലധികം പണികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായുള്ള മുഴുവന്‍ പാലങ്ങളും ഗതാഗതത്തിനായി തുറക്കുന്നതോടെ ഗതാഗത സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കന്‍ഡായി കുറയും. നിലവിലെ റൗണ്ട് എബൗട്ട് സിഗ്‌നല്‍ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റുന്നതും പദ്ധതിയുടെ ഭാഗമാണ്. അന്‍പതിനായിരത്തോളം താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ദൈനംദിന യാത്രക്കാര്‍ക്കും ഏറെ ആശ്വാസമാകുന്നതാണ് പദ്ധതി.

Content Highlights: The Roads and Transport Authority has opened a new bridge at the Dubai World Trade Centre Roundabout, aiming to ease congestion and improve traffic flow in one of Dubai’s busiest corridors.

To advertise here,contact us