ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; ഈജിപ്തിലെ ഫ്‌ളോട്ടിങ് ആശുപത്രിയിലേക്ക് കൂടുതൽ പലസ്തീനികളെ എത്തിച്ചു

ഗാസക്ക് നൽകി വരുന്ന തുടർച്ചയായ മാനുഷിക സഹായങ്ങളുടെ ഭാഗമായാണ് യുഎഇ ഭരണകൂടം അൽആരിഷിൽ ഫ്ളോട്ടിങ് ആശുപത്രി സ്ഥാപിച്ചത്

കെയ്‌റോ: ഈജിപ്തിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ഫ്‌ളോട്ടിങ് ആശുപത്രിയിൽ കൂടുതൽ പലസ്തീനികളെ ചികിത്സക്കെത്തിച്ചു. ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ആശുപത്രയിൽ സജ്ജമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ ആളുകൾക്കും മറ്റ് രോഗികൾക്കും ചികിത്സ നൽകാൻ സജ്ജമാണെന്ന് ആശുപ്രതി അധികൃതർ വ്യക്തമാക്കി.

ഗാസാ മുനമ്പിൽ നിന്നുളള ഏഴ് പുതിയ രോഗികളെയും യുദ്ധത്തിൽ പരുക്കേറ്റ വ്യക്തികളെയുമാണ് ഈജിപ്തിലെ അൽആരിഷിൽ പ്രവ്രർത്തിക്കുന്ന യുഎഇയുടെ ഫ്‌ലോട്ടിങ് ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ റഫാ അതിർത്തി വീണ്ടും തുറന്നതിന് ശേഷം ഫ്‌ളോട്ടിങ് ആശുപത്രിയിൽ എത്തിച്ച ആകെ ആളുകളുടെ എണ്ണം 33 ആയി ഉയർന്നു.

രോഗികളെ എത്തിച്ച ഉടൻ തന്നെ മെഡിക്കൽ, നഴ്‌സിങ് ടീമുകൾ ആരോഗ്യ സേവനങ്ങൾ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഏറ്റവും ഉയർന്ന അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി, ഓരോ കേസിന്റെയും അവസ്ഥയനുസരിച്ച് ഏറ്റവും വേഗത്തിൽ ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നു. കൂടുതൽ രോഗികളെ ഉൾക്കൊള്ളാനും, ഏറ്റവും മികച്ച രീതിയിൽ ചികിത്സ നൽകുന്നത് തുടരാനും ആശുപത്രി പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

ഗാസയിൽ വൃക്കരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഡയാലിസിസ് യൂണിറ്റും ഫ്ളോട്ടിംഗ് ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. എമിറാത്തി മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. നൂറ് കിടക്കകളാണ് ആശുപത്രിയിൽ ഉള്ളത്. ഇതിന് പുറമെ രോഗിയോടൊപ്പം വരുന്ന ബന്ധുക്കൾക്കായി അധികമായി 100 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

ഗാസക്ക് നൽകി വരുന്ന തുടർച്ചയായ മാനുഷിക സഹായങ്ങളുടെ ഭാഗമായാണ് യുഎഇ ഭരണകൂടം അൽആരിഷിൽ ഫ്ളോട്ടിങ് ആശുപത്രി സ്ഥാപിച്ചത്. മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം തുടങ്ങി നിരവധി സഹായങ്ങളാണ് യുഎഇ തുടർച്ചയായി ഗാസക്ക് ലഭ്യമാക്കി വരുന്നത്.

Content Highlights: UAE provides more help to Palestine via floating hospital in Egypt. more palestinian patients are reached at the hospital

To advertise here,contact us