യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്;യുഎഇയിൽ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂൾ കലണ്ടര്‍ പ്രഖ്യാപിച്ചു

യാത്രകളും അവധി ആഘോഷങ്ങളും പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം

യുഎഇയില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള അടുത്ത മൂന്ന് അധ്യയന വര്‍ഷങ്ങളിലെ കലണ്ടര്‍ ആണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകളും അവധി ആഘോഷങ്ങളും പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

2026-2027 അധ്യയന വര്‍ഷത്തില്‍ ഓഗസ്റ്റ് 31 ന് ക്ലാസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ 12 നും ഒക്ടോബര്‍ 18നും ഇടയിലായിരിക്കും മിഡ് ടേം ബ്രേക്ക് വരിക. ഡിസംബര്‍ 14 മുതല്‍ 2027 ജനുവരി 3 വരെ ശൈത്യകാല അവധിയായിരിക്കും. 2027 ഏപ്രില്‍ 5നും ഏപ്രില്‍ 11 നും ഇടയിലായിരിക്കും വസന്തകാല അവധി. 2027 ജൂലൈ 2ന് അധ്യയന വര്‍ഷം അവസാനിക്കുമെന്നും കലണ്ടര്‍ വ്യക്തമാക്കുന്നു.

2027- 2028 അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ 2027 ഓഗസ്റ്റ് 30 ന് ആരംഭിക്കും. ഒക്ടോബര്‍ 11 നും ഒക്ടോബര്‍ 17നും ഇടയിലായിരിക്കും മിഡ്ടേം ബ്രേക്ക് വരിക. 2027 ഡിസംബര്‍ 13 നും 2028 ജനുവരി 2 നും ഇടയില്‍ ശൈത്യകാല അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2028 മാര്‍ച്ച് 27 നും ഏപ്രില്‍ 2നും ഇടയിലായിരിക്കും വസന്തകാല അവധി. 2028 ജൂണ്‍ 30 ന് അധ്യയന വര്‍ഷം അവസാനിക്കും.

2028-2029 അധ്യയന വര്‍ഷത്തില്‍ ഓഗസ്റ്റ് 28 ന് ക്ലാസുകള്‍ ആരംഭിക്കും. മിഡ്ടേം ബ്രേക്ക് ഒക്ടോബര്‍ 16 നും ഒക്ടോബര്‍ 22നും ഇടയിലായിരിക്കും. 2008 ഡിസംബര്‍ 11 നും 2029 ജനുവരി 1നും ഇടയില്‍ ശൈത്യകാല അവധിയും മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള കാലയളവില്‍ വസന്തകാല അവധിയും നല്‍കും. 2029 ജൂണ്‍ 29ന് അധ്യയന വര്‍ഷം അവസാനിക്കും. എല്ലാ സ്‌കൂളുകളും ഒന്നാം സെമസ്റ്ററിലെ മിഡ്ടേം ബ്രേക്ക് നിര്‍ബന്ധമായും പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവിടുത്തെ പ്രത്യേക നിയമങ്ങള്‍ ബാധകമായിരിക്കും. ഓരോ ടേമിന്റെയും അവസാന ആഴ്ച വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ആഴ്ചകളില്‍ ഫൈനല്‍ അസസ്മെന്റുകളും പാഠഭാഗങ്ങളും പൂര്‍ത്തിയാക്കുകയും വേണം. ഇന്ത്യന്‍, പാകിസ്ഥാനി, ബംഗ്ലാദേശി സിലബസുകള്‍ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ പുതിയ അക്കാദമിക് കലണ്ടര്‍ ബാധകമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Content Highlight : The UAE has announced the school calendar for the next three academic years, detailing term dates and holidays. The update is important for parents and those planning travel in advance.

To advertise here,contact us