അറേബ്യൻ ഗൾഫ് മേഖലയിലെ കണ്ടൽ ആവാസവ്യവസ്ഥകളുടെ സംരക്ഷണം; പദ്ധതിയുമായി അബുദാബി

കണ്ടൽ ആവാസവ്യവസ്ഥയുടെ ആരോഗ്യം കൂടുതൽ കൃത്യമായി വിലയിരുത്താൻ കഴിയുമെന്നും വിലയിരുത്തൽ

അറേബ്യൻ ഗൾഫ് മേഖലയിലെ കണ്ടൽ ആവാസവ്യവസ്ഥകളെ നിരീക്ഷിക്കുന്നതിനായി അബുദാബി എൻവയോൺമെന്റ് ഏജൻസി (EAD), ഐയുസിഎൻ മാൻഗ്രോവ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പുമായി (IUCN Mangrove Specialist Group) സഹകരിച്ച് ഒരു പുതിയ നിരീക്ഷണ സഹായി പുറത്തിറക്കി. ശാസ്ത്രീയമായ അറിവുകൾ വർദ്ധിപ്പിക്കുന്നതിനും കണ്ടൽക്കാടുകളുടെ സംരക്ഷണ രീതികൾ മെച്ചപ്പെടുത്തുന്നതിനുമായി മേഖലയിൽ ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പരിതസ്ഥിതികൾക്ക് അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ഈ സഹായി, അബുദാബി മാൻഗ്രോവ് ഇനീഷ്യേറ്റീവിന്റെ (Abu Dhabi Mangrove Initiative) കീഴിൽ നടന്ന സംയുക്ത പരിശ്രമങ്ങളുടെ ഫലമാണ്. അഡ്‌നോക് (ADNOC), യുഎഇയിലെ ബ്രിട്ടീഷ് എംബസി, സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ (ZSL) എന്നിവയുടെ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കുന്നത്.

കണ്ടൽക്കാടുകളെയും അവയുമായി ബന്ധപ്പെട്ട ജൈവവൈവിധ്യത്തെയും നിരീക്ഷിക്കുന്നതിനായി പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ ഇത് നൽകുന്നു. പരിസ്ഥിതി ഡിഎൻഎ വിശകലനം (environmental DNA analysis) പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും വ്യക്തികൾക്കും സർക്കാർ-ഇതര സംഘടനകൾക്കും എളുപ്പത്തിൽ നടപ്പിലാക്കാവുന്ന ലളിതമായ രീതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കണ്ടൽ ആവാസവ്യവസ്ഥയുടെ ആരോഗ്യം കൂടുതൽ കൃത്യമായി വിലയിരുത്താൻ ഈ സഹായി വഴിയൊരുക്കുന്നു. ഇത് പാരിസ്ഥിതിക മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാനും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫലപ്രദമായും സുസ്ഥിരമായും വിപുലീകരിക്കാനും തീരുമാനങ്ങൾ എടുക്കുന്നവർക്കും പരിസ്ഥിതി പ്രവർത്തകർക്കും കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Content Highlights: The Environment Agency – Abu Dhabi, in collaboration with the IUCN Mangrove Specialist Group, has launched a monitoring guide for mangrove ecosystems in the Arabian Gulf region

To advertise here,contact us