വിശുദ്ധ റമദാന് മാസത്തില്‍ നോമ്പ് അനുഷ്ടിക്കുന്ന വിശ്വാസികള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി യുഎഇയിലെ ആരോഗ്യ വിദഗ്ധര്‍. നോമ്പുതുറയ്ക്കും അത്താഴത്തിനുമിടയില്‍ മതിയായ അളവില്‍ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. വൈകുന്നേരത്തെ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും കൂടുതല്‍ ശ്രദ്ധവേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
റമദാന് ആദ്യവാരത്തിലേക്ക് കടക്കുമ്പോള്‍ യുഎഇയിലെ നിരവധി താമസക്കാര്‍ക്ക് തലവേദന, ക്ഷീണം, ഊര്‍ജ്ജമില്ലായ്മ എന്നിവ അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഉറക്കം, ഭക്ഷണക്രമം, ജലാംശം എന്നിവയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളോട് ശരീരം പൊരുത്തപ്പെടുന്നതിനിടെയാണ് ഇത്തരം അസ്വസ്ഥതകള്‍ കൂടുതലായി കാണപ്പെടുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി തലവേദനയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുന്നതായി പലരും പറയുന്നു. സ്ഥിരമായി ചായയോ കാപ്പിയോ ഉപയോഗിക്കുന്നവര്‍ പെട്ടെന്ന് അത് ഒഴിവാക്കുമ്പോള്‍ തലകറക്കം, അസ്വസ്ഥത, എന്നിവ അനുഭവപ്പെടാം.
വൈകുന്നേരത്തോടെ ജോലിയില്‍ വേഗത കുറയുന്നതും കാര്യങ്ങള്‍ മറന്നുപോകുന്നതും സാധാരണമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. നോമ്പിന്റെ ആദ്യ ദിവസങ്ങളില്‍ ശരീരം പുതിയ ജീവിതശൈലിയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി പ്രകടമാകുന്നത്. ഇഫ്താറിന് മുമ്പായി ശരീരത്തിലെ ഊര്‍ജ്ജശേഖരമായ ഗ്ലൈക്കോജന്‍ തീരുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ നിലയിലാകുകയും അതുവഴി കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ദാഹം വ്യക്തമായി അനുഭവപ്പെടാത്തിരുന്നാലും ശരീരത്തിലെ ജലാംശക്കുറവ് തലവേദനക്കും തളര്‍ച്ചക്കും കാരണമാകാം.
നോമ്പുതുറയ്ക്കും അത്താഴത്തിനുമിടയില്‍ മതിയായ അളവില്‍ വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്താഴത്തില്‍ നാരുകളടങ്ങിയ, സാവധാനം ദഹിക്കുന്ന ഭക്ഷണം ഉള്‍പ്പെടുത്തുന്നത് പകല്‍ സമയത്ത് ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
Content Highlights: UAE health experts advise Ramadan fasting believers to follow proper diet, hydration and medical guidance to avoid health risks during the holy month.