റമദാന് മാസത്തില്‍ ദുബായ്, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെയും മറ്റ് വിനോദ കേന്ദ്രങ്ങളുടെയും സമയക്രമം ദീര്‍ഘിപ്പിച്ചു. രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത്ഫാര്‍ സംഗമങ്ങളും ഒത്തുചേരലുകളും സജീവമായതോടെ വരും ദിവസങ്ങളില്‍ വലിയ തിരക്കാണ് വിനോദ കേന്ദ്രങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
റമദാന് മാസത്തില്‍ സൂര്യാസ്തമയത്തിന് ശേഷം പുറത്ത് ഒത്തുകൂടുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം സമയം നീട്ടിയത്. പുതുക്കിയ സമയക്രമ പ്രകാരം ദുബായില്‍ സബീല്‍ പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക്, മുഷ്രിഫ് നാഷണല്‍ പാര്‍ക്ക് എന്നിവ ദിവസവും രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ തുറന്നിരിക്കും.
ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും സഫ പാര്‍ക്കിന്റെ പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ രാത്രി 11 വരെ അല്‍ മംസാര്‍ ബീച്ച് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. മുഷ്രിഫ് ഹബ് രാവിലെ 6:30 മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുമെന്നും ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു. റെസിഡന്‍ഷ്യല്‍ പാര്‍ക്കുകളും പൊതു സ്ക്വയറുകളും രാവിലെ 8 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയം പ്രവേശനം അനുവദിക്കുന്ന രീതിയിലുമാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.
ഖുര്‍ആന്‍ പാര്‍ക്കിലെ ഗുഹാ, ഗ്ലാസ് ഹൗസ് എന്നിവ ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ വൈഡര്‍ പാര്‍ക്കില്‍ രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ സന്ദര്‍ശര്‍ക്ക് പ്രവേശിക്കാനാകും. രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ് ദുബായ് ഫ്രെയിമിന്റെ പ്രവര്‍ത്തനം സമയം. അല്‍ വര്‍ഖ, അല്‍ നഹ്ദ, അല്‍ ഖവാനീജ്, അല്‍ ബര്‍ഷ, എന്നിവയുള്‍പ്പെടെ നഗരത്തിലെ തടാക പാര്‍ക്കുകള്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഷാര്‍ജ എമിറേറ്റില്‍ നാഷണല്‍ പാര്‍ക്ക്, അല്‍ റോള പാര്‍ക്ക് തുടങ്ങിയ വിവിധ പാര്‍ക്കുകളുടെ സമയക്രമവും നീട്ടിയിട്ടുണ്ട്. രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. അജ്മാനിലെ എല്ലാ പാര്‍ക്കുകളും വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കുമെന്ന് അജ്മാന് മുന്‍സിപ്പാലിറ്റി അറിയിച്ചു.
Content Highlights: The UAE has extended the hours of public parks and entertainment centers during Ramadan 2026 to accommodate the needs of residents and visitors. Here are the updated timings: