യുഎഇയിൽ റമദാൻ മാസത്തിൽ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പ്രതിദിന ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് ലഭിക്കാൻ നിയമപരമായ അവകാശമുണ്ട്. ഈ കുറച്ച സമയത്തിന് ശേഷമുള്ള ജോലി 'ഓവർടൈം' ആയി പരിഗണിക്കും. റമദാനിൽ ഓവർടൈം ജോലി ചെയ്യുന്നവരുടെ പ്രതിഫലം കണക്കാക്കുന്നത് ഇപ്രകാരമാണ്.
ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് ഓവർടൈം തുക കണക്കാക്കുന്നത്. റമദാനിലെ കുറവ് വരുത്തിയ ജോലി സമയത്തിന് ശേഷം പകൽ സമയത്താണ് ജോലി ചെയ്യുന്നതെങ്കിൽ, സാധാരണ ഒരു മണിക്കൂറിന് ലഭിക്കുന്ന തുകയും അതിന്റെ 25 ശതമാനം അധിക തുകയും ലഭിക്കും.
രാതി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലുള്ള സമയത്താണ് അധികമായി ജോലി ചെയ്യുന്നതെങ്കിൽ പ്രതിഫലം വർധിക്കും. സാധാരണ ഒരു മണിക്കൂർ ശമ്പളത്തിനൊപ്പം അതിന്റെ 50 ശതമാനം അധിക തുകയും ലഭിക്കും.
കരാർ പ്രകാരമുള്ള ഔദ്യോഗിക അവധി ദിവസമാണ് ജോലി ചെയ്യുന്നതെങ്കിൽ നിയമപരമായി രണ്ട് ഓപ്ഷനുകളാണ് ലഭിക്കുക. മറ്റൊരു ദിവസം പകരം അവധി ലഭിക്കും. അല്ലെങ്കിൽ, സാധാരണ ഒരു മണിക്കൂർ ശമ്പളത്തിനൊപ്പം 50 ശതമാനം അധിക തുക പണമായും ലഭിക്കും.
റമദാൻ മാസത്തിൽ നിയമപരമായി അനുവദിച്ച ജോലി സമയത്തിന് ശേഷവും ജോലി ചെയ്യേണ്ടി വരികയും അതിനുള്ള അർഹമായ ഓവർടൈം പ്രതിഫലം തൊഴിലുടമ നൽകാതിരിക്കുകയും ചെയ്താൽ ആ തൊഴിലാളിക്ക് നിയമപരമായി നീങ്ങാൻ പൂർണ്ണ അവകാശമുണ്ട്.
Content Highlights: During Ramadan, the standard workday for private sector employees is reduced by two hours. This isn't just a suggestion, it becomes the new legal working limit for the month. Any time worked beyond this reduced schedule is legally classified as overtime.