യുഎഇ ലോട്ടറിയുടെ വെബ്സൈറ്റിന് തകരാർ; ഉപഭോക്താക്കൾക്ക് സഹായമൊരുക്കി അധികൃതർ

ലോട്ടറിയുടെ സാങ്കേതിക വിഭാഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാനും വെബ്‌സൈറ്റ് സാധാരണ നിലയിലാക്കാനും സജീവമായി പരിശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

യുഎഇ ലോട്ടറിയുടെ വെബ്സൈറ്റിൽ തകരാർ. നിരവധിയാളുകൾ ഒരേസമയം വെബ്സൈറ്റിലേക്ക് എത്തിയതാണ് സാങ്കേതിക തടസത്തിന് കാരണമായത്. യുഎഇ ലോട്ടറി വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാനോ രജിസ്റ്റർ ചെയ്യാനോ ശ്രമിക്കുന്ന ഉപയോക്താക്കൾ, സൈറ്റ് ലഭ്യമാകുന്നതിലും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിലും തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോഴോ രജിസ്റ്റർ ചെയ്യുമ്പോഴോ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു.

ലോട്ടറിയുടെ സാങ്കേതിക വിഭാഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാനും വെബ്‌സൈറ്റ് സാധാരണ നിലയിലാക്കാനും സജീവമായി പരിശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ച് ഉപയോക്താക്കൾക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നതിനിടയിൽ, ബുദ്ധിമുട്ടുകൾ നേരിടുന്ന ഉപയോക്താക്കളെ സഹായിക്കുന്നതിനായി യുഎഇ ലോട്ടറി വിവിധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലെ ലൈവ് ചാറ്റ് ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് സഹായം തേടാം. support@theuaelottery.ae എന്ന ഇമെയിൽ വിലാസം വഴിയും പിന്തുണ ലഭ്യമാണ്.

അടിയന്തര സഹായം ആവശ്യമുള്ളവർക്കായി 800 2365 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റിലെ രജിസ്ട്രേഷൻ, ലോഗിൻ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ഈ സഹായ കേന്ദ്രങ്ങൾ വഴി ഉപയോക്താക്കൾക്ക് നേരിട്ട് സേവനം ഉറപ്പാക്കാൻ സാധിക്കും.

Content Highlights: The UAE Lottery website is currently experiencing technical issues, causing registration and access problems for some users. The lottery's technical team is actively working to resolve the glitches and restore normal functioning.

To advertise here,contact us