റമദാന്‍ മാസത്തോട് അനുബന്ധിച്ച് തടവുകാർക്ക് മോചനം; ഉത്തരവിട്ട് യുഎഇ ഭരണകൂടം

തടവുകാരുടെ സാമ്പത്തിക ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കും

റമദാന്‍ മാസത്തോട് അനുബന്ധിച്ച് തടവുകാരുടെ മോചനം പ്രഖ്യാപിച്ച് യുഎഇ ഭരണാധികാരികള്‍. 1440 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. 134 തടവുകാരെ മോചിപ്പിക്കാന്‍ അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും നിര്‍ദ്ദേശം നല്‍കി. 316 പൗരന്‍മാരുടെ ഭവനവായ്പ എഴുതി തള്ളാന്‍ ദുബായ് ഭരണാധികാരിയും ഉത്തരവിട്ടു.

വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 1,440 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. തടവുകാരുടെ സാമ്പത്തിക ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കും.

തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍ അവസരമൊരുക്കാനും കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറക്കാനും സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 134 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു. ശിക്ഷാ സമയത്തെ നല്ല പെരുമാറ്റം കണക്കിലെടുത്താണ് തീരുമാനം.

അതിനിടെ റമദാന്‍ മാസത്തോടനുബന്ധിച്ച് 316 പൗരന്‍മാരുടെ ഭവന വായ്പ എഴുതി തള്ളാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉത്തരവ്. സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനും പൗരന്മാരെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. വരും ദിവസങ്ങളില്‍ മറ്റ് എമിറേറ്റുകളില്‍ നിന്നും സമാന പ്രഖ്യാപനങ്ങള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Content Highlights: The UAE government has ordered the release of 1,440 prisoners from correctional and penal institutions across the country on the occasion of Ramadan. This initiative, led by UAE President Sheikh Mohamed bin Zayed Al Nahyan, aims to give prisoners a fresh start and alleviate the hardship faced by their families

To advertise here,contact us