റമദാൻ വ്രതാരംഭത്തിന് തുടക്കം കുറിച്ച് യുഎഇ; പെരുന്നാൾ അവധി സാധ്യത ഈ ദിവസങ്ങളിൽ

ഈദ് അൽ ഫിത്തർ അവധിക്കാലത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് സ്വദേശികളും പ്രവാസികളും

യുഎഇയിൽ റമദാൻ വ്രതാരംഭത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ആത്മീയതയുടെ നാളുകൾക്കൊപ്പം പെരുന്നാൾ അവധി പ്രതീക്ഷയിലുമാണ് യുഎഇ. മാസാവസാനം വരാനിരിക്കുന്ന വലിയ ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പും ഇപ്പോൾ മുതൽ പ്രകടമാണ്. 29 മുതൽ 30 ദിവസം വരെ നീണ്ടുനിൽക്കുന്ന വ്രതകാലത്തിന്റെ ആത്മീയ താളത്തിലേക്ക് യുഎഇ പൂർണ്ണമായും മാറിക്കഴിഞ്ഞു.

റമദാൻ അവസാനത്തിൽ ലഭിക്കാനിടയുള്ള ദീർഘമായ ഈദ് അൽ ഫിത്തർ അവധിക്കാലത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് സ്വദേശികളും പ്രവാസികളും. യുഎഇ പൊതുഅവധി കലണ്ടർ പ്രകാരം ശവ്വാൽ 1 മുതൽ 3 വരെയാണ് പെരുന്നാൾ അവധി ലഭിക്കുക. 2026-ൽ ഈ അവധി ദിനങ്ങൾ മാർച്ച് 20 (വെള്ളി) മുതൽ മാർച്ച് 22 (ഞായർ) വരെ ആയിരിക്കാനാണ് സാധ്യത. വാരാന്ത്യ ദിനങ്ങളോട് ചേർന്ന് വരുന്നതിനാൽ ഈ മൂന്ന് ദിവസത്തെ അവധി യാത്രകൾക്കും ആഘോഷങ്ങൾക്കും മികച്ച അവസരമായിരിക്കും.

റമദാൻ 29 ആയ മാർച്ച് 18-നാണ് മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേരുന്നത്. അന്ന് വൈകുന്നേരം ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കും. മാർച്ച് 18-ന് ചന്ദ്രപ്പിറവി ദൃശ്യമായാൽ തൊട്ടടുത്ത ദിവസമായ മാർച്ച് 19 (വ്യാഴം) ചെറിയ പെരുന്നാൾ ആയി പ്രഖ്യാപിക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ യുഎഇ നിവാസികൾക്ക് മാർച്ച് 19 മുതൽ മാർച്ച് 22 വരെ തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും (ഞായറാഴ്ച ഔദ്യോഗിക വാരാന്ത്യ അവധി കൂടി ചേരുന്നതിനാൽ).

മാർച്ച് 18-ന് മാസപ്പിറവി കണ്ടില്ലെങ്കിൽ റമദാൻ 30 ദിവസം പൂർത്തിയാകും. അങ്ങനെയെങ്കിൽ പെരുന്നാൾ മാർച്ച് 20 വെള്ളിയാഴ്ച ആരംഭിക്കും. ഇത് മൂന്ന് ദിവസത്തെ അവധിയാണ് നൽകുക.

Content Highlights: The UAE has begun Ramadan fasting today, February 18, 2026. As for Eid al-Fitr, it's likely to fall on Friday, March 20, 2026

To advertise here,contact us