പറക്കും ടാക്സികള്‍ ഷാർജയിലേക്കും; ചരക്ക് നീക്കത്തിനും പറക്കും കാറുകള്‍ ഉപ​യോ​ഗപ്പെടുത്തും

ആധുനിക വ്യോമഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തയ്യാറെുക്കുകയാണ് ഷാര്‍ജ.

ദുബായ്ക്ക് പിന്നാലെ ഷാര്‍ജയിലും പറക്കും ടാക്സികള്‍ വരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ടാക്‌സി സേവനത്തിനൊപ്പം ചരക്കു നീക്കത്തിനുകൂടി പറക്കും കാറുകള്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം.

ആധുനിക വ്യോമഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് തയ്യാറെുക്കുകയാണ് ഷാര്‍ജ. വിമാനത്താവളങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള എയര്‍ ടാക്‌സി, കാര്‍ഗോ സേവനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച സാധ്യത പഠനം നടത്താന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഷാര്‍ജ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സപ്രധാന തീരുമാനം കൈക്കൊണ്ടത്.

ഡെപ്യൂട്ടി ഭരണാധികാരിയും കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും യോഗത്തില്‍ പങ്കെടുത്തു. ഭാവി സാങ്കേതിക വിദ്യകളും സുസ്ഥിര വികസനവും മുന്‍നിര്‍ത്തിയുള്ള ആഗോള പ്രവണതകള്‍ക്ക് അനുസൃതമായാണ് എയര്‍ ടാക്‌സി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനും ആധുനിക ഗതാഗത സംവിധാനം വലിയ പങ്കുവഹിക്കുമെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഗതാഗത പരിഷ്‌കരണത്തിന് പുറമെ, സ്വദേശികള്‍ക്കായി ഭൂമി അനുവദിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം നല്‍കി.

ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരം 2026-ലേക്കുള്ള ആദ്യ ബാച്ച് ഭൂമി അനുവദിക്കലിനാണ് അനുമതിയായത്. 1,200 സ്വദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 490 പേര്‍ക്ക് താമസസ്ഥലത്തിനായുള്ള പ്ലോട്ടുകളും 710 പേര്‍ക്ക് നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയുമാണ് അനുവദിച്ചിരിക്കുന്നത്. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നയങ്ങളും യോഗം അവലോകനം ചെയ്തു.

Content Highlights:

To advertise here,contact us