റമദാന് കാലത്ത് ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് യുഎഇയിലെ ആരോഗ്യവിദഗ്ധര്‍. ഭക്ഷണ ക്രമത്തിലെ ശ്രദ്ധക്കൊപ്പം ശുചിത്വവും കൃത്യമായി പാലിക്കണം. തണുപ്പ് കാലമായതിനാല്‍ പനി ഉള്‍പ്പെടെയുളള പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
ശൈത്യകാലത്താണ് ഇത്തവണ യുഎയില്‍ റമദാന് എത്തുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തണുപ്പുള്ള കാലാവസ്ഥയില്‍ നോമ്പ് എടുക്കുന്നത് നല്ലതാണെങ്കിലും പനി, ജലദോഷം, ശ്വാസകോശ അണുബാധകള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇഫ്താര്‍, സുഹൂര്‍ സമയങ്ങളില്‍ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കൂടാതെ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍, കുരുമുളക്, എന്നിവ പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.
ഓരോ ദിവസങ്ങളിലും മുട്ട, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, പരിപ്പുകള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് അണുബാധകളെ തടയാന്‍ സഹായിക്കും. തണുപ്പുള്ള കാലാവസ്ഥയില്‍ ദാഹം അനുവപ്പെടാറില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ ജലാംശം കുറയാന്‍ കാരണമാകും. അതിനാല്‍ നോമ്പ് തുറന്നാല്‍ ധാരാളം വെള്ളം കുടിക്കണമെന്നും ജലാംശം അടങ്ങിയ പഴയങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒന്നിച്ച് കുടിക്കുന്നതിന് പകരം കൃത്യമായ ഇടവേളകള്‍ വെച്ച് വെള്ളം കുടിക്കണം. ദാഹം വര്‍ധിപ്പിക്കുന്ന പഞ്ചസാരയടങ്ങിയ പാനീയങ്ങളും കഫീനും ചായ, കാപ്പി എന്നിവ ഈ സമയങ്ങളില്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഉറക്കമില്ലായ്മ പ്രതിരോധശേഷി കുറക്കും. രാത്രിയിലെ ഉറക്കവും ഇടവേളകളിലെ വിശ്രമവും ചേര്‍ത്ത് ഒരു ദിവസം പരമാവധി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണം ശൈത്യകാലമായതിനാല്‍ വ്യക്തി ശുചിത്വം നിര്‍ബന്ധമാണ്. കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം. പകര്‍ച്ച വ്യാധികള്‍ പടരുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
Content Highlights: The UAE is urging people to prioritize their health during Ramadan, emphasizing the importance of balanced nutrition, hydration, and rest. Health experts recommend gradual adjustments to eating habits, sleep schedules, and physical activity to ensure a smooth transition into fasting.