വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയ്ക്കിടെ ലാപ്ടോപ്പുകളും ദ്രാവകങ്ങളും ബാഗില്‍ നിന്ന് പുറത്തെടുത്ത് ട്രേകളില്‍ വെക്കുന്ന രീതിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്ത്യമാകുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന അത്യാധുനിക സ്കാനറുകള്‍ അവതരിപ്പിച്ചതോടെയാണിത്.
യാത്രക്കാരുടെ സുരക്ഷാ പരിശോധന ലളിതമാക്കുന്നതിനും സമയം ലാഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് സിഇഒ പോള്‍ ഗ്രിഫിത്ത്സ് അറിയിച്ചു. നിലവില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും 100 മില്ലി ലിറ്ററില്‍ അധികമുള്ള ദ്രാവകങ്ങളും ഹാന്‍ഡ് ലഗേജില്‍ നിന്ന് പുറത്തെടുത്ത് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ എഐ സ്കാനറുകള്‍ ബാഗിനുള്ളിലെ വസ്തുക്കളെ സ്വയം വിശകലനം ചെയ്യുകയും അപകടകരമായവ മാത്രം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്യും. ഇതോടെ യാത്രക്കാര്‍ക്ക് ഷൂസ് അഴിക്കാതെയും ബാഗില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുക്കാതെയും പരിശോധന പൂര്‍ത്തിയാക്കി മുന്നോട്ട് പോകാം.
നൂറിലധികം ഹാന്‍ഡ് ലഗേജ് സ്ക്രീനിംഗ് മെഷീനുകളാണ് അത്യാധുനിക സാങ്കേതിക വിദ്യയോടെ നവീകരിക്കുന്നത്. നിലവില്‍ അഞ്ചോ ആറോ സ്കാനറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാണ്. ഈ വര്‍ഷം അവസാനത്തോടെ വിമാനത്താവളത്തിലുടനീളം ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Dubai Airport makes security screening easier, Laptops and liquids can be kept in the bag