ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്ന വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ആശ്വാസം പകരുന്നതാണ് എയര്‍ ഇന്ത്യ എക്സപ്രസിന്റെ പ്രഖ്യാപനം. മാര്‍ച്ച് 29 മുതല്‍ ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് പുതിയ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കും. കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കും എന്നാണ് പ്രതീക്ഷ. 500 രൂപ മുതല്‍ ആരംഭിക്കുന്ന ഭക്ഷണ വിഭവങ്ങളും വിമാനത്തില്‍ വിതരണം ചെയ്യും.
നിലവില്‍ ഹൈദരാബാദില്‍ നിന്ന് അബുദാബി, ബഹ്റൈന്‍, ദമാം, ദോഹ, ജിദ്ദ, കുവൈത്ത്, മസ്കത്ത്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഈ മാസമാദ്യം ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് 20 ശതമാനം വരെ ഇളവ് നല്കുന്ന പ്രത്യേക സെയില്‍ എയര്‍ ഇന്ത്യ എക്സപ്രസ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് ദശലക്ഷം സീറ്റുകളാണ് ഇതിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഈ മാസം 11 മുതല്‍ ഡിസംബര്‍ 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഹൈദരാബാദില്‍ നിന്ന് ദുബായിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വരുന്നതോടെ മറ്റ് എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്കിലും കുറവ് ഉണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. എയര്‍ ഇന്ത്യയുടെ പുനസംഘടനയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് റൂട്ടുകളിലെ ഭൂരിഭാഗം സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസിന് കീഴിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Air India Express has launched a new non-stop service from Hyderabad to Dubai, effective March 29, 2026. This move is part of Air India's network restructuring plan, shifting several Middle East routes to Air India Express