ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ നിരക്കുകളില്‍ മാറ്റം; പ്രഖ്യാപനവുമായി അധികൃതർ

തിങ്കൾ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ ആറ് ദിര്‍ഹമായിരിക്കും ടോള്‍ നിരക്ക്.

റമദാന്‍ മാസത്തോടനുബന്ധിച്ച് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കിന്റെ നിരക്കുകളില്‍ മാറ്റം പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ ചെലവ് കൂടുമെങ്കിലും രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമാകുന്നതാണ് പുതിയ നിരക്ക്. റമദാന്‍ കാലയളവിലെ സ്‌കൂള്‍-ഓഫീസ് സമയക്രമത്തിലെ മാറ്റങ്ങളും ട്രാഫിക് തിരക്കും കണക്കിലെടുത്താണ് ടോള്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ റമദാന്‍ വ്രതത്തിന് തുടക്കമാകാനാണ് സാധ്യത. തിങ്കൾ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ ആറ് ദിര്‍ഹമായിരിക്കും ടോള്‍ നിരക്ക്. രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകുന്നരെ അഞ്ച് മണിമുതല്‍ പുലര്‍ച്ചെ രണ്ട് വരെയും നാല് ദിര്‍ഹമാണ് നല്‍കേണ്ടത്. രണ്ട് മണി മുതല്‍ രാവിലെ ഏഴ് മണിവരെ ടോള്‍ സൗജന്യമായിരിക്കും.

ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ നാല് ദിര്‍ഹമായിരിക്കും നിരക്കെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകുന്നേരം അഞ്ച് മണിമുതല്‍ പുലര്‍ച്ചെ രണ്ട് വരെയും ഇതേ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. കഴിഞ്ഞ വര്‍ഷം സാലിക്കിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2025-ല്‍ 1.55 ബില്യണ്‍ ദിര്‍ഹമാണ് സാലിക്കിന്റെ അറ്റാദായം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33.4 ശതമാനത്തിന്റെ വര്‍ധനവാണിത്. ദുബായ് എയര്‍പോര്‍ട്ടുകളിലെ പാര്‍ക്കിംഗ് പെയ്മെന്റിനായി സാലിക്കിന്റെ ഇ-വാലറ്റ് സംവിധാനവും കഴിഞ്ഞ മാസം മുതല്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

Content Highlights: Dubai's toll gate operator, Salik, has announced changes to its rates, effective from January 31, 2026. The new rates are designed to manage traffic flow and reduce congestion on the city's busiest roads.

To advertise here,contact us