ദുബായില്‍ ഡെലിവറി ബൈക്കുടമകള്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. ലൈസന്‍സ് കാലാവധി കഴിഞ്ഞാലും ഒരു വര്‍ഷം കൂടി ഡെലിവറി സേവനം ലഭ്യമാക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയും. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ദുബായിലെ ഡെലിവറി മേഖലയ്ക്ക് കരുത്തുപകരുന്ന പുതിയ പരിഷ്കാരങ്ങളാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡെലിവറി മോട്ടോര്‍സൈക്കിളുകളുടെ പ്രവര്‍ത്തന കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ പരിശോധനാ മാനദണ്ഡങ്ങള്‍ ആര്‍ടിഎ പ്രഖ്യാപിച്ചു. നിലവില്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന കാലാവധി കഴിഞ്ഞാലും കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായി ബൈക്കുകള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കും. ഡെലിവറി കമ്പനികളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിനൊപ്പം റോഡ് സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനാണ് പുതിയ നീക്കത്തിലൂടെ ആര്‍ടിഎ ലക്ഷ്യമിടുന്നത്.
ആഗോള നിലവാരത്തിലുള്ള സാങ്കേതിക പരിശോധനകള്‍ പാസാകുന്ന ബൈക്കുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി രജിസ്ട്രേഷന് പുതുക്കി നല്‍കും. ഇതിനായി ആര്‍ടിഎയുടെ വെബ്സൈറ്റില്‍ പ്രത്യേക സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡെലിവറി കമ്പനികള്‍ക്ക് തങ്ങളുടെ കോര്‍പ്പറേറ്റ് അക്കൗണ്ട് വഴി ആര്‍ടിഎ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് 'ഡെലിവറി ബൈക്കുകള്‍ ഓപ്പറേഷണല്‍ ലൈഫ് എക്സ്റ്റന്‍ഷന്‍' സേവനം തിരഞ്ഞെടുക്കാം. നിശ്ചിത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് സാങ്കേതികക്ഷമത തെളിയിക്കുന്നതോടെ രജിസ്ട്രേഷന് കാലാവധി നീട്ടികിട്ടും.
ഡെലിവറി മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച പരിഗണിച്ച് നിരവധി അനുബന്ധ സൗകര്യങ്ങളും ആര്‍ടിഎ ഒരുക്കിയിട്ടുണ്ട്. റൈഡര്‍മാര്‍ക്കായി പ്രത്യേക സ്റ്റേഷനുകളും വിശ്രമമുറികളും. ഡെലിവറി ബൈക്കുകള്‍ക്ക് മാത്രമായി നിശ്ചിത റോഡുകളില്‍ പാതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദൂരക്കാഴ്ച മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക മഞ്ഞ പ്ലേറ്റുകള്‍, റൈഡര്‍മാരുടെ സൗകര്യാര്‍ത്ഥം വിവിധയിടങ്ങളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായിലെ വര്‍ദ്ധിച്ചുവരുന്ന ഡെലിവറി ആവശ്യകതകള്‍ നിറവേറ്റുന്നതിനും ചെറുകിട-വലിയ കമ്പനികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും ഈ പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്ന് ആര്‍ടിഎ വാണിജ്യ ഗതാഗത വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് സാലിഹ് വ്യക്തമാക്കി.
Content Highlights: The Roads and Transport Authority (RTA) in Dubai has announced an extension of delivery bike registration by a year, allowing owners to continue providing services even after their license expires. This decision aims to support the growth of the delivery sector and enhance safety