അമേരിക്കൻ വിപണിയിൽ സ്വർണം തളർന്നു; ദുബായിൽ കുത്തനെ താഴ്ന്ന് പൊന്നിൻ വില

സ്വർണത്തിൻ്റെ എല്ലാ വിഭാ​ഗങ്ങളിലും വിലക്കുറവുണ്ടായി

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് ദുബായിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഗ്രാമിന് 11 ദിർഹത്തിന്റെ കുറവാണ് ദുബായിലുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണവില ഗ്രാമിന് 600 ദിർഹത്തിന് താഴെയായി. വ്യാഴാഴ്ച 610.75 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 599.75 ദിർഹമായി കുറഞ്ഞിട്ടുണ്ട്.

മറ്റ് സ്വർണ വിഭാ​ഗങ്ങളിലും സമാനമായ വിലക്കുറവുണ്ടായി. 22 കാരറ്റ് സ്വർണം ​ഗ്രാമിന് 555.25 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് സ്വർണത്തിന് 532.5 ദിർഹമാണ് ഇപ്പോഴത്തെ വില. 18 കാരറ്റ് സ്വർണം ​ഗ്രാമിന് 456.5 ദിർഹമായും 14 കാരറ്റ് സ്വർണം ​ഗ്രാമിന് 356.0 ദിർഹമായും കുറഞ്ഞു.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ദുബായിലും പ്രതിഫലിക്കുന്നത്. നിലവിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 5,000 ഡോളർ എന്ന പരിധിക്ക് താഴേക്ക് പോയി. ഇപ്പോൾ 4,977.92 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപകരുടെ പിന്മാറ്റവും സ്വർണ വില ഇടിയുന്നതിന് കാരണമായി. ഓഹരി വിപണിയിലെ തകർച്ചയെത്തുടർന്ന് പണലഭ്യതയ്ക്കായി നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണമായത്.

അമേരിക്കൻ തൊഴിൽ വിപണിയിലെ മാറ്റവും സ്വർണ വിലയെ ബാധിച്ചു. ജനുവരിയിൽ പ്രതീക്ഷിച്ചതിനേക്കാൾ (70,000) ഇരട്ടിയോളം പുതിയ തൊഴിലവസരങ്ങൾ (1,30,000) അമേരിക്കയിൽ സൃഷ്ടിക്കപ്പെട്ടു. ഇത് പലിശനിരക്ക് കുറയ്ക്കാനുള്ള ഫെഡറൽ റിസർവിന്റെ തീരുമാനത്തെ വൈകിപ്പിച്ചേക്കാം എന്ന നിഗമനമാണ് സ്വർണ വില ഇടിയുന്നതിന് മറ്റൊരു കാരണം. വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ സ്വർ‌ണ വിപണിയിൽ കൂടുതൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Content Highlights: Dubai's gold prices have dropped significantly in the last 24 hours, with the price of 24K gold falling to AED 596.75 per gram, a decrease of AED 13.75 from the previous day. Similarly, 22K gold is now priced at AED 552.50 per gram, down AED 12.75 from yesterday

To advertise here,contact us