ജബല്‍ ജെയ്‌സ് വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക്; വരും ദിവസങ്ങളിൽ സാഹസിക വിനോദങ്ങളും സജീവമാകും

ജബല്‍ ജെയ്‌സില്‍ കുടുംബത്തോടൊപ്പം ബാര്‍ബിക്യൂ ചെയ്യുന്നതിനും വിലക്കില്ല

യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത പ്രദേശമായ ജബല്‍ ജെയ്‌സ് വീണ്ടും തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലനിരകളിലെ റോഡുകള്‍ക്ക് കേടുപാട് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞത്. സാഹസിക വിനോദങ്ങളും വരും ദിവസങ്ങളില്‍ സജീവമാകും.

ഈ വര്‍ഷമുണ്ടായ കനത്ത മഴയില്‍ ജബല്‍ ജെയ്സിലെ മലയോര പാതയുടെ ചില ഭാഗങ്ങള്‍ തര്‍ന്നതോടെ സുരക്ഷാ പ്രശ്ങ്ങള്‍ മുന്‍നിര്‍ത്തിയാണ് സഞ്ചാരികള്‍ക്ക് താല്‍ക്കാലികമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ എല്ലാ പണികളും സുരക്ഷാ പരിശോധനയും പൂര്‍ത്തിയായതോടെയാണ് വീണ്ടും ഇവിടേക്ക് സാധാരണ നിലയില്‍ പ്രവേശനം പുനരാരംഭിച്ചത്. ജെബല്‍ ജെയ്‌സ് പൂര്‍ണമായും തുറന്നതിന് പിന്നാലെ സ്വദേശികളും വിദേശികളും അടക്കമുള്ള നൂറ് കണക്കിന് സഞ്ചാരികളാണ് മലനിരയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇവിടേക്ക് എത്തുന്നത്. പ്രത്യേക പെര്‍മിറ്റിന്റെ ആവശ്യമില്ലാതെ തന്നെ എല്ലാവര്‍ക്കും ഇപ്പോള്‍ ജബല്‍ ജെയസിലേക്ക് കടന്നുചെല്ലാനാകും.

മനോഹരമായ വ്യൂ പോയിന്റുകള്‍, പാര്‍ക്കുകള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് സ്വതന്ത്രമായി ആസ്വദിക്കാമെന്ന് റാക് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഭക്ഷണ പ്രമികള്‍ക്കായി നിരവധി റസ്റ്റോറന്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ജയ്‌സ് സ്‌കൈ ടൂര്‍' ഈ മാസം പതിനെട്ട് മുതല്‍ വീണ്ടും തുറക്കും. ബുധന്‍ മുതല്‍ ഞായര്‍ വരെയും പൊതു അവധി ദിവസങ്ങളിലും സിപ്ലൈനും പ്രവര്‍ത്തിക്കും.

ജബല്‍ ജെയ്‌സില്‍ കുടുംബത്തോടൊപ്പം ബാര്‍ബിക്യൂ ചെയ്യുന്നതിനും വിലക്കില്ല. എന്നാല്‍ ബാര്‍ബിക്യൂ ചെയ്യാനായി എത്തുന്നവര്‍ ഒരു കാരണവശാലും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. റോഡുകള്‍ സുരക്ഷിതമാണെങ്കിലും മലയോര പാതയായതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Jebel Jais, the highest peak in the UAE, has reopened to tourists, and the influx of visitors is expected to rise significantly. The mountain was previously closed due to heavy rainfall, but it is now open for visitors to explore and enjoy the scenic views, outdoor activities, and dining options.

To advertise here,contact us