യുഎഇയില്‍ കുട്ടികള്‍ മണിക്കൂറുകളോളം സ്കൂള്‍ ബസുകളില്‍ ചെലവഴിക്കേണ്ടി വരുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രക്ക് പ്രത്യേക യാത്രാ സമയം നിശ്ചയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. സമയം കൃത്യമായി പാലിക്കണമെന്ന് രാജ്യത്തെ എല്ലാ സ്കൂളുകളോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
സ്കൂളിലേക്കും തിരിച്ച് വിട്ടിലേക്കുമുളള യാത്രാ സമയം സംബന്ധിച്ച് രക്ഷിതാക്കളില്‍ നിന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ സമയക്രമം നിശ്ചയിച്ചുകൊണ്ടുളള പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ വിദ്യാഭ്യാസ മന്ത്രി സാറാ അല്‍ അമീരിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിര്‍ദ്ദേശപ്രകാരം കെജി വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി യാത്രാസമയം 45 മിനിറ്റായിരിക്കും. മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 60 മിനിറ്റായും നിശ്ചയിച്ചു. ചില പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് രണ്ട് മണിക്കൂറിലേറെ ബസില്‍ യാത്ര ചെയ്യേണ്ടി വരുന്നതായി എഫ്എന്‍സി അംഗം നാമ അബ്ദുല്ല അല്‍ ഷര്‍ഹാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ഔദ്യോഗികമായി ഒരു റൂട്ടിലും യാത്രാസമയം രണ്ട് മണിക്കൂര്‍ കടക്കുന്നില്ലെന്ന് മന്ത്രി സാറാ അല്‍ അമീരി വ്യക്തമാക്കി. ഈ അധ്യയന വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 98.5 ശതമാനം സ്കൂള്‍ ബസുകളും നിശ്ചിത സമയപരിധി പാലിച്ചതായും അവര്‍ പറഞ്ഞു.
യാത്രാസമയം നീളുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് വൈകിയുള്ള രജിസ്ട്രേഷന് ആണെന്ന് മന്ത്രി വിശദീകരിച്ചു. രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി സ്കൂള്‍ ബസുകള്‍ വൈകി രജിസ്റ്റര്‍ ചെയ്യുന്നത് റൂട്ടുകള്‍ ആസൂത്രണം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ, വാഹനാപകടങ്ങള്‍, മോശം കാലാവസ്ഥ തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ യാത്രാസമയം നീണ്ടുപോകാനിടയുണ്ടെന്നും അവര്‍ അറിയിച്ചു. സ്കൂള്‍ ഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാന്‍ പ്രത്യേക ട്രാന്‍സ്പോര്‍ട്ട് ക്വാളിറ്റി യൂണിറ്റ് രൂപീകരിച്ചിതായി വിദ്യാഭ്യാസമന്ത്രാലയം വ്യക്തമാക്കി. ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: The UAE is taking steps to reduce school bus travel time for children. The Ministry of Education has announced new limits on school transport journey times, capping them at 45 minutes for kindergarten students and 60 minutes for other pupils