യുഎഇ ലോട്ടറി പുനരാരംഭിച്ചതിന് പിന്നാലെ സമ്മാനമായി ഇതുവരെ നല്‍കിയത് 16.5 കോടി ദിര്‍ഹമെന്ന് കണക്കുകൾ. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ക്കാണ് ആഴ്ചതോറുമുളള നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങള്‍ ലഭിക്കുന്നത്. 225 കോടി രൂപയുടെ ബംബര്‍ സമ്മാനവും അടുത്തിടെ ഇന്ത്യക്കാരനായ പ്രവാസിയെ തേടിയെത്തിരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളിലാണ് യുഎഇ ലോട്ടറി നറുക്കെടുപ്പിലൂടെ വലിയ തുക സമ്മാനമായി നല്‍കിയത്. 16.5 കോടി ദിര്‍ഹം ഇതുവരെ ഭാഗ്യശാലികള്‍ക്ക് വിതരണം ചെയ്തു. 10 കോടി ദിര്‍ഹത്തിന്റെ ബംബര്‍ സമ്മാനമാണ് ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക. ഇന്ത്യന്‍ കറൻസിയുമായി താരതമ്യം ചെയ്യുമ്പോള്‍ 225 കോടി രൂപയിലധികം വരുമിത്.
യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റും വലിയ ഈ സമ്മാനം ഇന്ത്യക്കാരനായ പ്രവാസി സ്വന്തമാക്കിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അബുദാബിയിലെ താമസക്കാരനായ ആന്ധ്രപ്രദേശ് സ്വദേശി അനില്‍കുമാര്‍ ബൊള്ളയെ തേടിയായിരുന്നു ആ അപൂര്‍വ ഭാഗ്യമെത്തിയത്. എട്ടു ലക്ഷത്തോളം പേര് ഇതിനോടകം യുഎഇ ലോട്ടറിയിലൂടെ ചെറുതും വലുതുമായ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യുഎഇയിലെ പുതിയ ഗെയിമിങ് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഔദ്യോഗിക ആപ്പ് വഴിയാണ് ലോട്ടറിയുടെ വില്‍പ്പനയും നറുക്കടുപ്പും നടക്കുന്നത്.
രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഭാഗ്യപരീക്ഷണത്തില്‍ പങ്കുചേരാനാകും. മലയാളികളായ പ്രവാസികളെ തേടിയും പല തവണ യുഎഇ ലോട്ടറിയിലൂടെ ഭാഗ്യമെത്തിയിട്ടുണ്ട്. സ്ഥിരമായി ലോട്ടറി എടുക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ നവംബര്‍ 29 മുതല്‍ യുഎഇ ലോട്ടറിയുടെ ലക്കിഡേ നറുക്കെടുപ്പ് ആഴ്ചതോറുമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
യുഎഇ ലോട്ടറിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ശ്രദ്ധേയമായ ഈ പ്രഖ്യാപനം. ഒരു മില്യണ്‍ ദിര്‍ഹത്തില്‍ നിന്നും അഞ്ച് മില്യണ്‍ ദിര്‍ഹമായി രണ്ടാം സമ്മാനത്തുകയും ഉയര്‍ത്തിയിട്ടുണ്ട്. 50 ദിര്‍ഹമാണ് യുഎഇ ലോട്ടറിയുടെ വില.
Content Highlights: The UAE Lottery has awarded prizes worth crores, with several winners taking home significant amounts. In the latest draw, seven players won Dh100,000 each, while the Dh30 million jackpot rolled over