ഗതാഗതക്കുരുക്കിന് പരിഹാരമായി ദുബായില്‍ പുതിയ നാല് വരിപ്പാലം തുറന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ വാഹനങ്ങളെ ഉള്‍ക്കൊള്ളാവുന്ന റോഡിന്റെ ശേഷി മൂന്ന് മടങ്ങായി വര്‍ധിച്ചു. യാത്രാസമയവും വലിയ തോതില്‍ ലാഭിക്കാനാകും. അല്‍ ഖുദ്ര റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
അല്‍ ഖുദ്ര റോഡില്‍ സ്ഥിതിചെയ്യുന്ന അറേബ്യന്‍ റാഞ്ചസിനെ ദുബായ് സ്റ്റുഡിയോ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഇന്റര്‍സെക്ഷനില്‍ നിന്ന് ആരംഭിച്ച്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയിലൂടെ കടന്നുപോകുന്നതാണ് പുതിയ നാല് വരിപ്പാലം. പുതിയ പാലം നിലവില്‍ വന്നതോടെ അല്‍ ഖുദ്ര റോഡിലെയും അറേബ്യന്‍ റാഞ്ചസിനും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിലുള്ള കണക്ഷന് റോഡിലെയും ഗതാഗതം കൂടുതല്‍ സുഗമമാകും.
റോഡിന്റെ ശേഷി മണിക്കൂറില്‍ 6,600 വാഹനങ്ങളില്‍ നിന്ന് 19,200 ആയി ഉയര്‍ന്നതായി റോഡ്സ് അന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതിന് പുറമെ പ്രധാന ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് 55 ശതമാനം കുറഞ്ഞതായും യാത്രക്ക് നേരത്തെ നേരിട്ടിരുന്ന കാലതാമസം 113 സെക്കന്‍ഡില്‍ നിന്ന് 52 സെക്കന്‍ഡായി കുറഞ്ഞതായും ആര്‍ടിഎ വ്യക്തമാക്കി. അല്‍ ഖുദ്ര റോഡിനെയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു പാലം ഈ മാസം 15ന് തുറക്കുമെന്നും ആര്‍ടിഎ അറിയിച്ചു. 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലം ഇരു ദിശകളിലേക്കും വേഗത്തിലുളള ഗതാഗതം സാധ്യമാക്കും.
റോഡിന്റെ വലത് വശത്ത് നിര്‍മാണം പുരോഗമിക്കുന്ന പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാകുന്നതുവരെ അല്‍ ഖുദ്ര സിറ്റിയിലേക്കും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുമുളള ഗതാഗതത്തിന് ഇത് ഉപയോഗിക്കാനാകും. നിരവധി പ്രധാന കവലകളുടെ നവീകരണം, 2,700 മീറ്റര്‍ നീളത്തിലുളള പാലങ്ങള്‍, റോഡ് വീതിക്കൂട്ടല്‍ എന്നിവ ഉള്പ്പെടുന്നതായണ് ഇപ്പോള്‍ നിര്‍മാണം നടന്നുവരുന്ന അല്‍ ഖുദ്ര റോഡ് വികസന പദ്ധതി. 4,00,000-ത്തോളം താമസക്കാരെയും സന്ദര്‍ശകരെയും ഉള്‍ക്കൊള്ളുന്ന റെസിഡന്‍ഷ്യല്‍, ഡെവലപ്മെന്റ് മേഖലകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: Dubai’s Roads and Transport Authority (RTA) has opened a new four-lane bridge to ease traffic congestion and improve travel flow in the city. The new bridge is expected to reduce travel time and improve connectivity across key routes. The project is part of Dubai’s ongoing efforts to upgrade its transport infrastructure and meet growing traffic demands.