അബുദബിയിലെ മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി കുറയ്ക്കും; നിയമം ഈ മാസം ഒമ്പത് മുതൽ പ്രാബല്യത്തിൽ

ഈ മാസം ഒമ്പത് മുതല്‍ നിലവിൽ വരുന്ന നിയമം എല്ലാവരും കൃത്യമായി പലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അബുദബിയിലെ മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി കുറയ്ക്കുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ ഈ മാസം ഒമ്പത് മുതല്‍ നിലവില്‍ വരും. വേഗപരിധിയിലെ മാറ്റം കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജോയിന്റ് ട്രാഫിക് സുരക്ഷാ കമ്മിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അബുദബി ഗതാഗത അതോറിറ്റിയാണ് നഗരത്തിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗ പരിധിയില്‍ മാറ്റം വരുത്തികൊണ്ടുളള ഉത്തരവ് പുറത്തിറക്കിയത്. ഇത് പ്രകാരം അബുദാബി അല്‍ ഐന്‍ ഇ -22 റോഡില്‍ അല്‍ നഹ്ദ ഇന്റര്‍ചേഞ്ച് മുതല്‍ ബാനി യാസ് ഇന്റര്‍ചേഞ്ച് വരെയുള്ള ഇരു ദിശകളിലെയും പരമാവധി വേഗത പരിധി മണിക്കൂറില്‍ 140 കിലോമീറ്റര്‍ ആയിരിക്കും.

നിലവില്‍ ഇത് 160 കിലോമീറ്ററാണ്. ബാനി യാസ് ഇന്റര്‍ചേഞ്ച് മുതല്‍ ബ്രിഡ്ജ് കോംപ്ലക്‌സ് വരെയുള്ള ഇരുദിശകളിലെയും വേഗത മണിക്കൂറില്‍ 140 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായും കുറച്ചു. അല്‍ റൗദ റോഡിലെ വേഗ പരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചതായും ഉത്തരവില്‍ പറയുന്നു. ഇരു ദിശകളിലും ഈ വേഗ പരിധി ബാധകമാണ്.

ഈ മാസം ഒമ്പത് മുതല്‍ നിലവിൽ വരുന്ന നിയമം എല്ലാവരും കൃത്യമായി പലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേഗപരിധിയില്‍ മാറ്റം വരുത്തുന്നതെന്ന് ജോയിന്റ് ട്രാഫിക് സുരക്ഷാ കമ്മിറ്റി വ്യക്തമാക്കി. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നടത്തി വരുന്ന തുര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മറ്റ് രണ്ട് പ്രധാന ഹൈവേകളിലെ വേഗത പരിധിയിലും അബുദബി മൊബിലിറ്റി മാറ്റം വരുത്തിയിരുന്നു. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡിലെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായും സ്വീഹാന്‍ റോഡിലെ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററുമായാണ് കുറച്ചത്.

Content Highlights: Abu Dhabi authorities announced a reduction in speed limits on three major roads, effective from February 9. The decision is part of efforts to enhance road safety and prevent traffic accidents.

To advertise here,contact us