വെറും 1,000 ദിർഹത്തിന് ബിസിനസ് തുടങ്ങാം; പദ്ധതിയുമായി ഷാർജ ഭരണകൂടം

അതിനിടെ ലൈസന്‍സ് ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്

വെറും ആയിരം ദിര്‍ഹത്തിന് പുതിയ ബിസിനസ് തുടങ്ങാന്‍ പദ്ധതിയുമായി ഷാര്‍ജ ഭരണകൂടം. തെരഞ്ഞെടുത്ത മേഖലകളിലെ സംരഭകര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ പ്രത്യക വാണിജ്യ ലൈസന്‍സ് ലഭ്യമാക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ പ്രഖ്യാപനം. ഈ മാസം 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ ഷാര്‍ജ റിസര്‍ച്ച്, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്കില്‍ നടക്കുന്ന ഫെസ്റ്റിവലിലാണ് പുതിയ ലൈസന്‍സ് അവതരിപ്പിക്കുക.

'ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ്' എന്നാണ് ഈ പ്രത്യേക ലൈസന്‍സിന് നല്‍കിയിരിക്കുന്ന പേര്. ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന്റെ ഭാഗമായുള്ള ഈ ഇവന്റില്‍ മാത്രമേ ആയിരം ദിര്‍ഹത്തിന്റെ വാണിജ്യ ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു. അതായാത് ലൈസന്‍സ് നോടാന്‍ രണ്ട് ദിവസം മാത്രമായിരിക്കും അവസരം ലഭിക്കുക. ട്രേഡ് ലൈസന്‍സ് ലഭിക്കുന്നതിന് ആയിരകണക്കിന് ദിര്‍ഹം നൽകേണ്ടി വരുന്ന സ്ഥാനത്താണ് കുറഞ്ഞ നിരക്കിലുള്ള ഓഫര്‍.

അതിനിടെ ലൈസന്‍സ് ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സര്‍ഗാത്മക, ആരോഗ്യം, ഗതാഗതം, സുസ്ഥിരത തുടങ്ങിയ ആറ് മേഖലകളെയാണ് ലൈസന്‍സിനായി പരിഗണിക്കുക. സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കും ആയിരം ദിര്‍ഹത്തിന് ലൈസന്‍സ് ലഭ്യമാക്കും. ഷാര്‍ജ റിസര്‍ച്ച്, ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ പാര്‍ക്കിലാണ് ഒമ്പതാമത് എന്റര്‍ പ്രെണര്‍ഷിപ്പ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ലൈസന്‍സ് ആവശ്യമുള്ളവര്‍ ഇവിടെയെത്തി നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. പുതിയ ബിസിനസുകള്‍ തുടങ്ങുന്നതിലെ സാമ്പത്തിക തടസങ്ങള്‍ കുറയ്ക്കാനും ഷാര്‍ജയെ ഒരു നവീകരണാധിഷ്ഠിത സമ്പദ്‍വ്യവസ്ഥയായി മാറ്റാനുമുള്ള വലിയ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ അവസരം കൂടിയാണ് ഇതിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്.

Content Highlights: The Sharjah government has introduced a new initiative allowing individuals to start a business with just 1,000 dirhams. The scheme aims to promote entrepreneurship and provide affordable opportunities for aspiring business owners. This initiative reflects Sharjah’s commitment to supporting small businesses and fostering economic growth within the emirate.

To advertise here,contact us