വേഗത്തിൽ രോഗനിർണയവും ചികിത്സയും സാധ്യമാക്കുക ലക്ഷ്യം; ഡ്രോണുകളിൽ രക്തസാമ്പിളുകൾ അയക്കാൻ യുഎഇ

പരീക്ഷണം വിജയകരമായാല്‍ കൂടുതല്‍ ഡ്രോണുകള്‍ രംഗത്ത് ഇറക്കി പദ്ധതി വിപുലീകരിക്കാനാണ് പദ്ധതി

യുഎഇയില്‍ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കുമിടയില്‍ രക്തസാമ്പിളുകള്‍ കൊണ്ടുപോകാന്‍ ഇനി മുതല്‍ ഡ്രോണുകളും. വേഗത്തില്‍ രോഗനിര്‍ണയവും ചികിത്സയും സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രോണുകളുടെ സഹായത്തോടെ രക്തസാമ്പിളുകള്‍ എത്തിക്കുന്ന പരീക്ഷണ പദ്ധതിക്ക് അബുദാബിയില്‍ തുടക്കം കുറിച്ചു.

ആരോഗ്യമേഖലയിൽ കൂടുതല്‍ വേഗത്തിലും മെച്ചപ്പെട്ടതുമായി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡോണുകള്‍ രംഗത്ത് ഇറക്കുന്നത്. ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കുമിടയില്‍ രക്തസാമ്പിളുകള്‍ വേഗത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. രോഗ നിര്‍ണയ സമയം ഗണ്യമായി കുറക്കാനും കാലതാമസം കൂടാതെ ചികിത്സ ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ലബോറട്ടറി ശൃംഖലകളില്‍ ഒന്നായ പ്യുര്‍ലാബ് ഓട്ടോണമസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിക്കും പ്യുര്‍ലാബിന്റെ അബുദബി ആസ്ഥാനത്തിനും ഇടയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രക്തസാമ്പികള്‍ എത്തിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്കും തുടക്കംകുറിച്ചു. പരീക്ഷണം വിജയകരമായാല്‍ കൂടുതല്‍ ഡ്രോണുകള്‍ രംഗത്ത് ഇറക്കി പദ്ധതി വിപുലീകരിക്കാനാണ് പദ്ധതി. മറ്റ് ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അബുദബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസിന്റെ പിന്തുണയോടെ, സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സില്‍ സംഘടിപ്പിച്ച അബുദബി ഓട്ടോണമസ് വീക്കില്‍ അടുത്തിടെ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഡ്രോണുകളുടെ പരീക്ഷണ പറക്കല്‍ ആരംഭിച്ചത്.

നെക്സ്റ്റ് ജീന്‍ യുഎവി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രക്തസാമ്പിളുകളുടെ സുരക്ഷിതമായ കൈമാറ്റം സാധ്യമാക്കുന്നത്. രക്തസാമ്പിളുകള്‍ കൊണ്ടുപോകുന്നതില്‍ ലാഭിക്കുന്ന ഓരോ മിനിറ്റും രോഗ നിര്‍ണയത്തിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് വളരെ ആശ്വാസകരമായിരിക്കുമെന്ന് പ്യുവര്‍ലാബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരിന്ദം ഹാല്‍ദാര്‍ പറഞ്ഞു.

Content Highlights: The UAE has announced plans to transport blood samples using drones to enable faster diagnosis and treatment. The initiative is aimed at improving healthcare efficiency, reducing delivery time between medical facilities, and ensuring timely patient care. Authorities said the project reflects the country’s push to adopt advanced technologies in the healthcare sector.

To advertise here,contact us