ഷാർജ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം

മുന്‍കാലങ്ങളില്‍ ലാഭം മാത്രം ലക്ഷ്യമിട്ട് വീടുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നവരായിരുന്നു അധികവും

ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം. സ്വന്തമായി ഫ്‌ളാറ്റുകളും വീടകളും വാങ്ങുന്നവരില്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മുന്നില്‍. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും സ്വന്തമായി പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ഥിരതയുള്ള ലാഭവും താങ്ങാനാവുന്ന വിലയും മുന്‍നിര്‍ത്തി സ്വന്തമായി ഒരു രണ്ടാം വീട് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമായി ഷാര്‍ജ മാറുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ജിസിസി പൗരന്മാര്‍ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയത് 3.4 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപമാണ്.

വില്ലകളും ഫ്‌ളാറ്റുകളും ഉള്‍പ്പെടെ 2,055 പ്രോപ്പര്‍ട്ടികളാണ് ഒരു വര്‍ഷത്തിനുളളില്‍ ഇവര്‍ സ്വന്തമാക്കിയത്. എമിറേറ്റിലെ പ്രോപ്പര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സ്ഥിരമായ മൂല്യവര്‍ധനവാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ താമസ സ്ഥലങ്ങള്‍ ലഭ്യമാകുന്നു എന്നതും ഷാര്‍ജെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. എല്ലാ രാജ്യക്കാര്‍ക്കും ഷാര്‍ജയിലെ ഫ്രീഹോള്‍ഡ് കമ്മ്യൂണിറ്റികളില്‍ പ്രോപ്പര്‍ട്ടി വാങ്ങാന്‍ അനുവാദം നല്‍കുന്ന പുതിയ നിയമം വന്നതോടെ വിദേശ നിക്ഷേപകരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി.

മുന്‍കാലങ്ങളില്‍ ലാഭം മാത്രം ലക്ഷ്യമിട്ട് വീടുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നവരായിരുന്നു അധികവും. എന്നാല്‍ ഇപ്പോള്‍ സ്ഥിര താമസത്തിനായി വീട് വാങ്ങുന്ന എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചതായും റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വന്തമായി വീട് വാങ്ങുന്നവരില്‍ മലയാളികളും ധാരാളമുണ്ട്. ഷാര്‍യിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി.

യുഎഇയില്‍ സ്വന്തമായി ഫ്‌ലാറ്റും വില്ലകളും വാങ്ങാന്‍ കൂടുതല്‍ വിദേശികള്‍ താല്‍പ്പര്യം കാരണിക്കുന്നതായുളള കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 35 വയസിന് താഴെ പ്രായമുളള യുവാക്കളാണ് കൂടുതലായും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Content Highlights: The Sharjah real estate market has seen a notable rise in the number of investors, reflecting growing confidence and interest in the sector. Analysts attribute this surge to favorable market conditions, attractive property options, and supportive government policies. The trend signals a robust growth trajectory for Sharjah’s property market in the coming years.

To advertise here,contact us