യുഎഇയില് തൊഴില് ചൂഷണത്തിനെതിരെ പരാതി നല്കാന് വിപുലമായ സംവിധാനവുമായി തൊഴില് മന്ത്രാലയം. മലയാളം ഉള്പ്പെടെ 17 ഭാഷകളില് തൊഴിലുടമക്കെതിരെ ജീവനക്കാര്ക്ക് പരാതി നല്കാനാകും. ഭാഷാപരമായ പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
ഭാഷാപരമായ ബുദ്ധിമുട്ടുകള് കാരണം തൊഴില് ചൂഷണത്തിനെതിരെ പരാതിപ്പെടാന് മടിച്ചിരുന്ന മലയാളികള് ഉള്പ്പെടെയുള്ള പ്രവാസികള്ക്ക് വലിയ ആശ്വാസമാണ് പുതിയ പരിഷ്കാരങ്ങള്. ഇനി മുതല് മാതൃഭാഷയില് തന്നെ തൊഴിലാളികള്ക്ക് പരാതി അറിയിക്കാനാകും. 17 ഭാഷകളിലാണ് ഇപ്പോള് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 300ലധികം അവബോധ കേന്ദ്രങ്ങളില് എത്തി സ്വന്തം ഭാഷയില് സംസാരിക്കാനും സഹായം തേടാനും സാധിക്കുമെന്നതും പ്രത്യേകതയാണ്.
തൊഴിലുടമക്കെതിരെ പരാതി നല്കിയാല് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക വലിയൊരു വിഭാഗം തൊഴിലാളികള്ക്ക് ഇപ്പോഴുമുണ്ട്. കഴിഞ്ഞ വര്ഷം മാത്രം 17,000ത്തിലധികം തൊഴിലാളികളാണ് രഹസ്യമായി തൊഴില് മന്ത്രാലയത്തെ സമീപിച്ചത്. രഹസ്യ പരാതി സംവിധാനം വഴി തൊഴിലാളിയുടെ ജോലിക്ക് തടസമുണ്ടാകാതെ തന്നെ പ്രശ്നങ്ങള് പരിഹരിക്കാനും മന്ത്രലായത്തിന് കഴിഞ്ഞു. തൊഴില് ചൂഷണം നേരിടുന്ന സാഹചര്യമുണ്ടായല് പരാതിയുമായി ധൈര്യപൂര്വം മുന്നോട്ട് വരണമെന്നും എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ തൊഴില് നിയമങ്ങള് സംരക്ഷിക്കുന്നതില് പങ്കാളികളാകാന് ഓരോ വ്യക്തിക്കും കഴിയുമെന്നും അധികൃതര് അഭിപ്രായപ്പെട്ടു. തൊഴിലാളികള്ക്കൊപ്പം പൊതു സമൂഹത്തിനും പരാതികള് സമര്പ്പിക്കാം. തൊഴില് ചൂഷണമോ ആവശ്യമായ സുരക്ഷ ഇല്ലാതെയോ തൊഴിലാളികള് ജോലി ചെയ്യുന്നത് ശ്രദ്ധയില്പെട്ടാല് അക്കാര്യം അറിയക്കണമെന്ന് രാജ്യത്തെ താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരത്തില് നിരവധി പരാതികള് ലഭിക്കുന്നുണ്ടെന്നും അധികൃതര് അറിയിച്ചു.
Content Highlights: The UAE has introduced a multilingual system that allows workers to file complaints against employers in Malayalam and other languages. The initiative aims to make grievance redressal easier for expatriate workers by enabling them to report issues in their native language, ensuring better access to official support mechanisms.