റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതായി യുഎഇയില് നടന്ന ചര്ച്ചകളില് നിര്ണായക പുരോഗതി. സംഘര്ഷം അവസാനിപ്പിക്കുന്നതായി കൂടുതല് ഇടപെടലുകള് നടത്താന് ചര്ച്ചയില് ധാരണയായി. അടുത്തയാഴ്ച കൂടുതല് ചര്ച്ചകള് നടത്താനാണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തുടര്ചര്ച്ചകള് സാധ്യമാണെന്നും കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും യുഎഇയും പ്രതികരിച്ചു.
നാല് വര്ഷമായി തുടരുന്ന റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നിര്ണായക ചര്ച്ചകളാണ് ഇന്നലെയും ഇന്നുമായി യുഎഇ തലസ്ഥാനമായ അബുദബിയില് നടന്നത്. അമേരിക്കയുടെ മധ്യസഥയില് നടന്ന ചര്ച്ചയില് നിര്ണായക പുരോഗതി ഉണ്ടായി എന്നാണ് പുറത്ത് വരുന്ന വിവരങ്ങളള് വ്യക്തമാക്കുന്നത്. യുഎഇയില് നടന്ന ത്രികക്ഷി ചര്ച്ചകള് 'സൃഷ്ടിപരം' ആയിരുന്നുവെന്നും അടുത്ത ആഴ്ച കൂടുതല് കൂടിക്കാഴ്ചകള് നടക്കുമെന്നും ഉക്രെയ്ന് പ്രതിനിധി സംഘം വ്യക്തമാക്കി.
യുക്രൈന് പ്രതിനിധികളുമായി കൂടുതല് ചര്ച്ചകള് നടത്താനുള്ള സാധ്യതകള് റഷ്യയും പങ്കുവച്ചു. ഭാവിയില് നടക്കാനിരിക്കുന്ന യോഗത്തില് ചര്ച്ച ചെയ്യുന്നതിനുള്ള വിഷയങ്ങളുടെ പട്ടിക സൈനിക പ്രതിനിധികള് കണ്ടെത്തിയിട്ടുണ്ടെന്ന് യുക്രൈന് പ്രസിഡന്റ വ്ലാടിമര് സെലെന്സ്കി പ്രസ്താവനയിലൂടെ അറിയിച്ചു. ചര്ച്ചകള്ക്ക് ആതിഥേയത്വം വഹിച്ചതിന് യുഎഇക്കും പ്രസിഡന്റ് ഷെയ്ഖ് ബിന് സായിദ് അല് നഹ്യാനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
അതിനിടെ സമാധാന ചര്ച്ചകള് നടക്കുമ്പോഴും യുക്രൈനിൽ വീണ്ടും ആക്രമണം നടത്തി സമാധാന ശ്രമങ്ങളെ ദുര്ബലാക്കാന് റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന് വിദേശകാര്യ മന്ത്രി ആന്ഡ്രി സിബിഗ പറഞ്ഞു. റഷ്യയും യുക്രെയ്നും തമ്മില് നടന്ന ചര്ച്ചകള് യുഎസ് നിര്ദ്ദേശിച്ച സമാധാന ചട്ടക്കൂടിലെ 'ശ്രദ്ധേയമായ ഘടകങ്ങളില്' ശ്രദ്ധ കേന്ദ്രീകരിച്ചതായി യുഎഇ വക്താവ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്പ് ട്രംപിന്റെ നിര്ദ്ദേശപ്രകാരമായിരുന്നു യുഎഇയിലെ ചര്ച്ചകള്. യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ത്രികക്ഷി സമാധാന ചർച്ച സാധ്യമായത് എന്നതും പ്രത്യേകതയാണ്.
Content Highlights: Talks between Ukraine and Russia have achieved crucial progress, according to officials. The UAE stated that further discussions will be conducted as part of ongoing diplomatic efforts aimed at advancing dialogue and exploring possible steps toward resolving the conflict.