കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ജനുവരി 24 മുതൽ ജനുവരി 26 വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ തെക്ക്, കിഴക്ക്, മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ്റിന്റെ ആഘാതം മുൻകൂട്ടി കണ്ടാണ് ഈ തീരുമാനമെന്ന് എമിറേറ്റ്സ് അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
വിമാനം റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർ റീബുക്കിംഗ് സൗകര്യങ്ങൾക്കായി ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടാൻ എയർലൈൻ അധികൃതർ നിർദ്ദേശിച്ചു. എമിറേറ്റ്സ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി എയർലൈനിന്റെ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടേണ്ടതാണ്.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. അമേരിക്കയിലെ വ്യോമയാന സർവീസുകളെ 'ഫേൺ' ശീതക്കാറ്റ് ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
ശീതക്കാറ്റ് ഇതിനകം തന്നെ അമേരിക്കയിലുടനീളം വിമാനയാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലും പ്രാദേശിക എയർപോർട്ടുകളിലും കാലാവസ്ഥ മോശമായതോടെ പല എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, യാത്രക്കാർക്ക് തടസമില്ലാതെ ടിക്കറ്റുകൾ മാറ്റുന്നതിനായി ട്രാവൽ വെയ്വറുകളും എയർലൈനുകൾ അനുവദിച്ചിട്ടുണ്ട്.
Content Highlights: Emirates Airlines has cancelled several flights operating from Dubai to the United States due to a severe winter storm. The airline cited adverse weather conditions as the reason for the disruption and advised passengers to check flight updates before travel.