വാഹനം ഓടിക്കുന്നതിനിടെയിലെ മൊബൈൽ ഉപയോ​ഗം അപകടങ്ങൾക്ക് കാരണമാകുന്നു; മുന്നറിയിപ്പുമായി അബുദബി പൊലീസ്

എമിറേറ്റിലൂടനീളം വ്യാപക പരിശോധയും പൊലീസ് ആരംഭിച്ചിട്ടുണ്ട്

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും അബുദബി പൊലീസ്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കനത്ത പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശാധനയും ശക്തമാക്കിയിട്ടുണ്ട്.

ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായാണ് അബുദബി പൊലീസിന്റെ കണ്ടത്തെല്‍. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നത്. എമിറേറ്റിലൂടനീളം വ്യാപക പരിശോധയും പൊലീസ് ആരംഭിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 800 ദിര്‍ഹമാണ് പിഴ. ഇതിന് പുറമെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും.

അത്യാധുനിത ക്യാമറകളുടെ സഹായത്തോടെയാണ് പരിശോധന. ഫോണ്‍ ചെയ്യുന്നവര്‍ മാത്രമല്ല വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സന്ദേശങ്ങള്‍ അയക്കുന്നവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും ക്യാമറയില്‍ കുടുങ്ങും. ഡ്രൈവിംഗിനിടയിലെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്വന്തം ജീവന് പുറമെ മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍.

വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം മാത്രം അത് ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്മാര്‍ട്ട് സംവിധാനങ്ങള്‍ 24 മണിക്കൂറും സജീവമാണ്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഴയും ബ്ലാക്ക് പോയിന്റും ഉടന്‍ തന്നെ അറിയിപ്പായി ലഭിക്കും. റോഡിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് അബുദബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlights:

To advertise here,contact us