യുഎഇയില് വരാനിരിക്കുന്നത് തൊഴിലവസരങ്ങളുടെ പെരുമഴക്കാലമെന്ന് പുതിയ പഠന റിപ്പോര്ട്ട്. ഈ വര്ഷം നിര്മാണ മേഖലയില് ഉള്പ്പെടെ കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്. സാധാരണക്കാര്ക്കും വിദഗ്ധരായ തൊഴിലാളികള്ക്കും ഒരു പോലെ അവസരം നല്കുന്ന വര്ഷമായിരിക്കും 2026 എന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
യുഎഇയില് ജോലി അന്വേഷിക്കുന്നവര്ക്ക് സന്തോഷവും ആശ്വാസവും പകരുന്നതാണ് പുതിയ പഠന റിപ്പോര്ട്ട്. ഈ വര്ഷം യുഎഇയിലെ തൊഴില് വിപണി കൂടുതല് ശക്തി പ്രാപിക്കുമെന്നാണ് നൗക്രി ഗള്ഫിന്റെ റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. നിര്മാണം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, വില്പ്പന തുടങ്ങിയ പ്രധാന മേഖലകളില് വലിയ മുന്നേറ്റം പ്രകടമാകും. നിര്മാണ മേഖലയിലായിരിക്കും ഏറ്റവും കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെടുക. യുഎഇയിലെ റിയല് എസ്റ്റേറ്റ് മേഖല ശക്തി പ്രാപിക്കുന്നതിനനുസരിച്ച് നിര്മാണ പ്രവര്ത്തനങ്ങളും വര്ധിക്കുകയാണ്.
ഫ്ളാറ്റുകളും വില്ലകളും ഉള്പ്പെടെ പുതിയ കെട്ടിടങ്ങള് ഉയരുന്നതോടെ സാധാരണ തൊഴിലാളികള്ക്കൊപ്പം പ്രോജക്ട് മാനേജര്മാര്ക്കും എഞ്ചിനീയര്മാര്ക്കും വലിയ ഡിമാന്ഡുണ്ടാകുമെന്നും നൗക്രി ഗള്ഫിന്റെ റിപ്പോര്ട്ടില് പറയുന്നു. ഐടി, ടെലികോം, എണ്ണ-വാതക മേഖലകളിലും ഈ വര്ഷം കൂടുതല് തൊഴിലവസരങ്ങള് പുതിയതായി സൃഷ്ടിക്കപ്പെടും. എഐ സാങ്കേതിക വിദ്യ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, എന്നിവയില് പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികള്ക്കായുള്ള അന്വേഷണത്തിലാണ് തൊഴിലുടമകള്.
എഞ്ചിനീയറിംഗ്, സെയില്സ്, ഐടി എന്നീ വിഭാഗങ്ങളിലും നിരവധി അവസരങ്ങള് ഇപ്പോള് തന്നെ ലഭ്യമാണ്. സെയില്സ് എക്സിക്യൂട്ടീവുകള്, കസ്റ്റമര് സപ്പോര്ട്ട് പ്രൊഫഷണലുകള് എന്നിവര്ക്കും വിപണിയില് വലിയ ഡിമാന്റ് ആണ് ഉള്ളത്. ശമ്പളത്തിനപ്പുറം മറ്റ് ആനുകൂല്യങ്ങള്ക്കാണ് യുഎഇയിലെ പ്രൊഫഷണലുകള് ഏറ്റവും കൂടുതല് മുന്ഗണന നല്കുന്നതെന്നും നൗക്രി ഗള്ഫിന്റെ റിപ്പോര്ട്ട് വ്യക്തമാക്കുന്നു. ഇതുവഴി കരിയര് വളര്ച്ചയ്ക്ക് സഹായിക്കുന്ന പ്രൊഫഷണല് അനുഭവമാണ് അവര് ആഗ്രഹിക്കുന്നത്. കൃത്യമായ അവധികള്, മികച്ച ആരോഗ്യ ഇന്ഷുറന്സ് ആനുകൂല്യങ്ങള്, കൃത്യമായ ജോലി സമയം എന്നിവയ്ക്കും ഉദ്യോഗാര്ത്ഥികള് പ്രാധാന്യം നല്കുന്നു.
Content Highlights: The UAE is expected to enter a phase of strong job growth, with employment opportunities emerging across various sectors. Industries including infrastructure, services, technology, logistics, and tourism are likely to generate new roles, offering promising prospects for both residents and expatriates seeking work in the country.