യുഎഇ സ്വപ്‌ന പദ്ധതി; ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു

ജനസാന്ദ്രതയുള്ള മേഖകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. അബുദബിയില്‍ നിന്ന് ഫുജൈറ വരെ നീളുന്നതാണ് ആദ്യ റെയില്‍വെ റൂട്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇത്തിഹാദ് റെയിലിന്റെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ കുതിച്ചുപായാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രയിനിന്റെ പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദബിയില്‍ നിന്ന് ദുബായ് വഴി ഫുജൈറയിലേക്കാകും ആദ്യ യാത്ര. 50 മിനിറ്റ് കൊണ്ട് അബുദബിയില്‍ നിന്ന് ദുബായില്‍ എത്തിച്ചേരാനാകും. അബുദബി- ഫുജൈറ യാത്രക്ക് വണ്ടി വരുന്ന സമയം 100 മിനിറ്റാണ്. 11 സ്റ്റേഷനുകളുടെ വിശദാംശങ്ങളും ഇത്തിഹാദ് അടിത്തിടെ വെളിപ്പെടുത്തിയിരുന്നു. ഘട്ടം ഘട്ടമായിട്ടായിരിക്കും സ്റ്റേഷനുകള്‍ തുറക്കുക. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസിന് തുടക്കം കുറിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജനസാന്ദ്രതയുള്ള മേഖകള്‍ കേന്ദ്രീകരിച്ചാണ് സ്റ്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ്, ഇക്കണോമി ക്ലാസുകളാകും പാസഞ്ചര്‍ ട്രെയിനുകളില്‍ ഉണ്ടാവുക. ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ 16 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 56 സീറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. വൈ-ഫൈ കണക്റ്റിവിറ്റി, ഓരോ സീറ്റിലും പവര്‍ ഔട്ട്‌ലെറ്റുകള്‍ എന്നിയും പ്രത്യേകതയാണ്. ഓരോ ട്രെയിനിലും 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

ആദ്യഘട്ടത്തില്‍ 13 ട്രെയനികളാവും സര്‍വീസ് നടത്തുക. യാത്രാക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ട്രെയിന്‍ റൂട്ടുകള്‍, ടിക്കറ്റ് നിരക്കുകള്‍ എന്നിവയും ആപ്പിലൂടെ മനസിലാക്കാനാകും. ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബസ്, ടാക്‌സി, ദുബായ് മെട്രോ, ഓണ്‍ ഡിമാന്‍ഡ് ടാക്‌സി എന്നിവയിലേക്കുള്ള തുടര്‍ യാത്രകളും ആസൂത്രണം ചെയ്യാനാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തിഹാദ് റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നോടെ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാസമയം വലിയ തോതില്‍ കുറയും എന്നതാണ് പ്രധാന പ്രത്യേകത.

Content Highlights: The UAE has officially announced the first route of the Etihad Rail passenger train, a key component of the country’s ambitious transport vision. The project aims to enhance connectivity between major cities, reduce travel time, and support sustainable transportation, marking a significant step forward in national infrastructure development.

To advertise here,contact us