വീണ്ടും ഇട‍ിഞ്ഞ് ഇന്ത്യൻ രൂപ, കുത്തനെ ഉയർന്ന് ​ഗൾഫ് കറൻസികൾ; പ്രവാസികൾക്ക് ആശ്വാസം

രൂപയുടെ മൂല്യം ഡോളറിന് 92 എന്ന നിലയിലേക്ക് താഴുകയാണെങ്കില്‍, ചരിത്രത്തിലാദ്യമായി ഒരു ദിര്‍ഹത്തിന് 25 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടാകും.

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ഒമാനി റിയാലിന്റെ മൂല്യം 237 രൂപക്ക് മുകളില്‍ എത്തി. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും 25 രൂപയോട് അടുക്കുകയാണ്. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യവും വര്‍ധിച്ചു.

കഴിഞ്ഞ കുറെ നാളുകളായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഇന്ത്യന്‍ രൂപ ഒരു ഡോളറിനു 91.74 രൂപ എന്ന നിലയിലേക്ക് ചാഞ്ചാട്ടം നടത്തിയപ്പോള്‍ അതിന്റെ പ്രതിഫലനം ഗള്‍ഫ് കറന്‍സികളിലും പ്രകടമായി. ഒമാനി റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ഇന്ന് ഉയര്‍ന്നത്. 237 രൂപ 20 പൈസയാണ് ഇപ്പോള്‍ ഒരു ഒമാനി റിയാലിന്റെ വിനിമയ നിരക്ക്. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും വര്‍ധിച്ചു. 24 രൂപ 27 പൈസക്കാണ് ഇപ്പോള്‍ ഒരു ദിര്‍ഹത്തിന്റെ വിനിമയ വ്യാപാരം പുരോഗമിക്കുന്നത്. അധികം വൈകാതെ ഇത് 25 രൂപയിലേക്ക് എത്തുമെന്നാണ് സമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യം ഡോളറിന് 92 എന്ന നിലയിലേക്ക് താഴുകയാണെങ്കില്‍, ചരിത്രത്തിലാദ്യമായി ഒരു ദിര്‍ഹത്തിന് 25 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടാകും. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയ ഗള്‍ഫ് കറന്‍സികളടെ മൂല്യത്തിലും വര്‍ധനവ് പ്രകടമാണ്. നാട്ടിലേക്ക് പണമയക്കാന്‍ നല്ല സമയമായാണ് ഈ കാലഘട്ടത്തെ പ്രവാസികള്‍ കാണുന്നത്. വിവിധ മണി എക്സ്ച്ചേഞ്ചുകളിലും തിരക്ക് പ്രകടമാണ്.

നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്ന ഗള്‍ഫ് മലയാളികള്‍ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ മികച്ച നിരക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ പണമൊഴുകുന്നതിനും ഇത് കാരണമാകും. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും ഇറക്കുമതിക്കാര്‍ക്കിടയിലെ ഡോളറിന്റെ വര്‍ധിച്ച ആവശ്യകതയുമാണ് രൂപയെ തളര്‍ത്തുന്നത്.

Content Highlights: The Indian Rupee has again declined against major currencies, while Gulf currencies have strengthened. This shift offers financial relief to expatriates in the Gulf region, increasing the value of remittances sent home. Experts suggest monitoring currency trends for further exchange benefits.

To advertise here,contact us