പ്രവാസികൾക്ക് തിരിച്ചടി; ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു

എയര്‍ ഇന്ത്യയുടെ സ്ഥാനത്ത് എയര്‍ ഇന്ത്യാ എക്‌സപ്രസ് കടന്നുവരുന്നതോടെ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും.

ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു. മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. 29 മുതല്‍ എയര്‍ ഇന്ത്യയ്ക്ക് പകരം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ പിന്‍മാറ്റം മൂലം അധിക ബാഗേജ് ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് നഷ്ടമാകും.

ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള ഏക സര്‍വീസാണ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലെ അറിയിപ്പ് പ്രകാരം മാര്‍ച്ച് 28ന് ആയിരിക്കും അവസാന സര്‍വീസ്. എയര്‍ ഇന്ത്യക്ക് പകരമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കും. അതിനിടെ എയര്‍ ഇന്ത്യയുടെ സ്ഥാനത്ത് എയര്‍ ഇന്ത്യാ എക്‌സപ്രസ് കടന്നുവരുന്നതോടെ യാത്രക്കാര്‍ക്ക് ലഭിച്ചിരുന്ന പല പ്രീമിയം സൗകര്യങ്ങളും ഇല്ലാതാകും.

പുതിയ ബജറ്റ് എയര്‍ലൈന്‍ സര്‍വീസില്‍ യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണവും അധിക ബാഗേജ് സൗകര്യവും ഉണ്ടായിരിക്കില്ല. വിമാനത്തിനുള്ളിലെ വിനോദ പരിപാടികളും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ലഭ്യമാകില്ല. ഇതിന് പുറമെ പ്രീമിയം ക്യാബിന്‍, ലോഞ്ച് സൗകര്യങ്ങളെയും ബാധിക്കും. ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ള പ്രീമിയം യാത്രക്കാര്‍ വന്‍തോതില്‍ ആശ്രയിച്ചിരുന്ന സര്‍വീസായിരുന്നു എയര്‍ ഇന്ത്യയുടേത്.

ബിസിനസ് ക്ലാസിന് മറ്റ് വിമാനകമ്പനികളെ അപേക്ഷിച്ച് താരതമ്യേന ടിക്കറ്റ് നിരക്ക് കുറവായിരുന്നു എന്നതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ കാരണമായി. എയര്‍ ഇന്ത്യയുടെ പിന്മാറ്റം മറ്റ് വിമാന കമ്പനികള്‍ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ സഹായകമാകുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാട്ടുന്നു. കൊച്ചിക്ക് പുറമെ ദുബായില്‍നിന്ന് ഹൈദരാബാദിലേക്കുള്ള സര്‍വീസും അവസാനിപ്പിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

Content Highlights: Air India has decided to discontinue its flight service between Dubai and Kochi, affecting a large number of expatriate passengers. The move is expected to cause inconvenience for travellers who frequently rely on this route. Further details on alternative arrangements are awaited.

To advertise here,contact us