ദുബായുടെ പൊതു ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്ക്ക് വഴിവക്കുന്ന ശ്രദ്ധേയമായ പദ്ധതികള് നടപ്പിലാക്കാന് റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. ആര്ടിഎ സംഘടിപ്പിച്ച 11-ാമത് ദുബായ് ഇന്റര്നാഷണല് പ്രോജക്ട് മാനേജ്മെന്റ് ഫോറത്തില് ഭാവി പദ്ധതികളുടെ വിശദാംശങ്ങള് അവതരിപ്പിച്ചു.
'ദുബായിലെ ഒരു നൂറ്റാണ്ട് മൊബിലിറ്റി' എന്ന പേരില് തയ്യാറാക്കിയ ഒരു ബുക്ക്ലെറ്റിലൂടെയാണ് ഇന്റര്നാഷണല് പ്രോജക്ട് മാനേജ്മെന്റ് ഫോറത്തില് പദ്ധതിയുടെ വിശദാംശങ്ങള് അവതരിപ്പിച്ചത്. 'ദുബായ് ലൂപ്പ്' പദ്ധതി, 'സ്കൈപോഡ്' സസ്പെന്ഡഡ് ട്രാന്സ്പോര്ട്ട് യൂണിറ്റ് സിസ്റ്റം, ട്രാക്ക്ലെസ് ട്രാം സിസ്റ്റം, 'റെയില്ബസ്' എന്നിവയാണ് ആര്ടിഎ ഭാവിയില് നടപ്പിലാക്കാന് ഉദ്ദേശിക്കുന്ന ശ്രദ്ധേയമായ പദ്ധതികള്. 'ദുബായ് ലൂപ്പ്' പദ്ധതി മണിക്കൂറില് ഒരു ലക്ഷം യാത്രക്കാരെയും 'സ്കൈപോഡ്' സംവിധാനത്തില് 50,000 യാത്രക്കാരെയും ലക്ഷ്യമിടുന്നു.
തിരക്കേറിയ റോഡുകളില് നിന്ന് മാറി, യാത്ര ആകാശത്തേക്കും ഭൂമിക്കടിയിലേക്കും മാറും എന്നതാണ് ഇതിന്റെ പ്രത്യേകത. പരമ്പരാഗത ഗതാഗതത്തേക്കാള് 100 മടങ്ങ് കുറവ് ഗ്രൗണ്ട് സ്പേസ് മാത്രമാണ് സ്കൈപോഡ്' സംവിധാനത്തിന് ആവശ്യമായി വരിക. ഇലക്ട്രിക് വാഹനങ്ങളേക്കാള് അഞ്ചിരട്ടി ഉയര്ന്ന ഊര്ജ്ജ കാര്യക്ഷമത കൈവരിക്കാനും ഇതിന് കഴിയും. 7.5 മീറ്റര് ഉയരത്തില് കാര്ബ കമ്പോസിറ്റ് ട്രാക്കില് സുഗമമായി സഞ്ചരിക്കുന്ന സെല്ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കാപ്സ്യൂളുകളാണ് സ്കൈപോഡ് സംവിധാനത്തില് ഉണ്ടാവുക.
ഓരോ കാപ്സ്യൂളിനും നാല് മുതല് ആറ് വരെ യാത്രക്കാരെ ഉള്ക്കൊള്ളാന് കഴിയും. ഇത് പരമ്പരാഗത പൊതുഗതാഗത്തില് വ്യത്യസ്തമായി ശാന്തവും വ്യത്യസ്തവുമായ യാത്രാനുഭവം സമ്മാനിക്കും. ദീര്ഘദൂര യാത്രകള് വേഗത്തില് സാധ്യമാക്കുന്നതാണ് ദുബായ് ലൂപ്പ് പ്രോജക്റ്റ്.2030-ഓളം 25 ശതമാനം യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങളിലൂടെയാക്കുക എന്ന ദുബായുടെ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പായാണ് പുതിയ പദ്ധതികള് വിലയിരുത്തുന്നത്.
Content Highlights: Dubai’s Roads and Transport Authority has introduced revolutionary changes in the public transport sector. The initiatives focus on improving mobility, enhancing efficiency, and upgrading commuter services across the city. Officials said the measures align with Dubai’s long-term urban development goals and aim to provide a more integrated and sustainable transport system.