യുഎഇയിൽ ​ഗോൾഡൻ വിസയ്ക്ക് പിന്നാലെ ബ്ലൂ വിസയും; യോഗ്യതാ മാനദണ്ഡങ്ങൾ ഇങ്ങനെ

രണ്ട് തരം വിസയ്ക്കും അതിന്റേതായ ആനുകൂല്യങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ലക്ഷ്യങ്ങളുമുണ്ട്

യുഎഇയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ​ഗോൾ‍ഡൻ വിസയ്ക്കൊപ്പം ബ്ലൂ വിസയും നൽകാൻ യുഎഇ. എന്നാൽ രണ്ട് തരം വിസയ്ക്കും അതിന്റേതായ ആനുകൂല്യങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ലക്ഷ്യങ്ങളുമുണ്ട്.

ദുബായിൽ നടന്ന 'വേൾഡ് ഗവൺമെന്റ്‌സ് സമ്മിറ്റിൽ' വെച്ച് 2025 ഫെബ്രുവരിയിലാണ് യുഎഇ ബ്ലൂ വിസ ഔദ്യോഗികമായി പുറത്തിറക്കിയത്. പരിസ്ഥിതി സുസ്ഥിരത, കാലാവസ്ഥാ സംരക്ഷണം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി ആവിഷ്കരിച്ച 10 വർഷത്തെ റെസിഡൻസി പ്രോഗ്രാമാണിത്. 2024 മെയ് മാസത്തിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി, ആഗോളതലത്തിലുള്ള പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, ഗ്രീൻ സംരംഭകർ എന്നിവരെ യുഎഇയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നു. യുഎഇക്ക് അകത്തോ പുറത്തോ ഉള്ള സ്വദേശികൾക്കും വിദേശ വിദഗ്ധർക്കും ഈ വിസയ്ക്ക് അർഹതയുണ്ട്.

ബ്ലൂ വിസയുടെ പ്രത്യേകതകൾ

10 വർഷത്തെ റെസിഡൻസി നൽകുന്നതിലൂടെ ബ്ലൂ വിസകൾ പരിസ്ഥിതി ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്ക് ദീർഘകാല താമസം ഉറപ്പാക്കുന്നു.

180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ: വിദേശത്തുനിന്നുള്ള അപേക്ഷകർക്ക് അവരുടെ രേഖകൾ പൂർത്തിയാക്കുന്നതിനായി ആറുമാസത്തെ പ്രത്യേക വിസ ലഭിക്കുന്നു. ഈ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിലേക്ക് വരാനും പോകാനും സാധിക്കും.

നിക്ഷേപം ആവശ്യമില്ല: യുഎഇയിലെ മറ്റ് ദീർഘകാല വിസകളിൽ നിന്ന് വ്യത്യസ്തമായി, ബ്ലൂ വിസകൾ ഉള്ളവർക്ക് വസ്തുവകകൾ വാങ്ങാനോ പണം നിക്ഷേപിക്കാനോ ആവശ്യമില്ല.

ബ്ലൂ വിസയ്ക്കായി അപേക്ഷിക്കാനുള്ള യോ​ഗ്യത

പരിസ്ഥിതി പ്രവർത്തകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദ​ഗ്ധർ, നിക്ഷേപകർ, ശാസ്ത്രജ്ഞർ തുടങ്ങിയവർക്ക് ബ്ലൂ വിസയ്ക്കായി അപേക്ഷിക്കാം.

​ഗോൾഡൻ വിസ

യുഎഇയിൽ 2019 മുതലാണ് ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കി തുടങ്ങിയത്. ദീര്‍ഘകാലം യുഎഇയിൽ താമസ വിസയുള്ളവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. അതിലൂടെ വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരമാണ് യുഎഇ ഒരുക്കിയത്. പ്രൊഫഷണലുകൾ, നിക്ഷേപകർ, സംരംഭകർ, മറ്റ് മേഖലകളിലെ പ്രൊഫഷണലുകൾ എന്നിവർക്ക് വേണ്ടിയാണ് ​ഗോൾഡൻ വിസ തയ്യാറാക്കിയിരിക്കുന്നത്.

​ഗോൾഡൻ വിസയുടെ പ്രത്യകതകൾ

ദീർഘകാല താമസാനുമതി: അഞ്ച് അല്ലെങ്കിൽ 10 വർഷം - യോഗ്യത അനുസരിച്ച് കാലാവധിക്ക് ശേഷം ഇത് പുതുക്കാവുന്നതാണ്.

കുടുംബത്തെയും ഒപ്പം കൂട്ടാം: ​ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് കുടുംബാങ്കങ്ങളെയും കൊണ്ടുവരാൻ അനുവദിക്കുന്ന പ്രത്യേക നിയമങ്ങളുണ്ട്.

​ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേകം എംപ്ലോയ്‌മെന്റ് വിസ എടുക്കേണ്ടതില്ല.

സാമ്പത്തിക നേട്ടങ്ങൾ: ബാങ്കിംഗ്, ആരോഗ്യരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളിലുള്ള എളുപ്പത്തിലുള്ള പ്രവേശം മികച്ച ജീവിതനിലവാരവും സ്ഥിരതയും ഉറപ്പാക്കുന്നു.

ദീർഘകാല താമസം, തൊഴിൽ സ്വാതന്ത്ര്യം, കുടുംബ സുരക്ഷ എന്നിവ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും ബിസിനസ് ഉടമകൾക്കും ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കും അസാമാന്യ പ്രതിഭകൾക്കും ഏറ്റവും അനുയോജ്യമായതാണ് ഗോൾഡൻ വിസ. ഓരോരുത്തരുടെയും യോഗ്യത അനുസരിച്ച്, ചില വിസ വിഭാഗങ്ങൾക്ക് സാമ്പത്തിക നിക്ഷേപമോ ബിസിനസ് ഉടമസ്ഥാവകാശമോ ആവശ്യമായി വന്നേക്കാം.

Content Highlights: The UAE has announced the introduction of a new Blue Visa following the Golden Visa scheme. Authorities have released eligibility criteria detailing who can apply and under what conditions. The initiative aims to expand long-term residency options and support individuals contributing to key sectors aligned with national priorities.

To advertise here,contact us