പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം

ഈ മാസം 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭ്യമാക്കുക

ടിക്കറ്റ് നിരക്ക് വര്‍ധനക്കിടയിലും പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ അധികമായി പത്ത് കിലോ ലഗേജ് കൊണ്ടുപോകാനുള്ള അവസരമാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‌

പ്രവാസികള്‍ക്ക് പുതുവത്സര സമ്മാനമായാണ് കുറഞ്ഞ നിരക്കില്‍ അധിക ലഗേജ് കൊണ്ടുപോകാന്‍ അവസരം നല്‍കുന്നത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ അധിക ലഗേജുകള്‍ കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അധികമായുളള ലഗേജിന് ഓരോ കിലേക്കും രണ്ട് ദിര്‍ഹം വീതം നല്‍കിയാല്‍ മതിയാകും.

സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങില്‍ നിന്നുള്ളവര്‍ക്ക് രണ്ട് റിയാലാണ് നിരക്ക്. ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ 0.2 ദിനാര്‍ ആണ് ഒരു കിലോക്ക് നല്‍കേണ്ടത്. സാധാരണയായി 30 കിലോ ബാഗേജ് ആണ് ഒരു യാത്രക്കാരന് ടിക്കറ്റിനൊപ്പം അനുവദിക്കുക. എന്നാല്‍ ഇനി മുതല്‍ ചെറിയ തുക കൂടി നല്‍കിയാല്‍ 40 കിലോ ബാഗേജ് കൊണ്ടുപോകാനാകും.

ഈ മാസം 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭ്യമാക്കുക. ഇന്ന് മുതല്‍ മാര്‍ച്ച് പത്ത് വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാനാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അധിക ലഗേജിനുള്ള തുകയും അടക്കണം. എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് സൈറ്റുകള്‍ എന്നിവയില്‍ ഇതിനുളള സൗകര്യം ഉണ്ട്. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ഫ്‌ലെക്‌സ്, എകസ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ആനുകൂല്യം ലഭ്യമാണ്.

Content Highlights: Air India Express has introduced a relief measure for expatriates by allowing passengers to carry additional baggage. The decision is expected to benefit a large number of overseas travellers, especially those returning home. The move comes as part of efforts to ease travel-related concerns and improve passenger convenience.

To advertise here,contact us