തണുപ്പും മൂടൽ മഞ്ഞും ശക്തമാകുന്നു; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് യുഎഇ

തണുപ്പ് കൂടിയതിന് പിന്നാലെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞും ശക്തമാകുന്നത്

യുഎഇയില്‍ തണുപ്പ് കൂടുന്നതിനൊപ്പം മൂടല്‍ മഞ്ഞും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തണുപ്പ് കൂടിയതിന് പിന്നാലെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞും ശക്തമാകുന്നത്. ഇന്ന് പുലര്‍ച്ചെ 12.30 മുതല്‍ രാവിലെ 10 വരെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും കാഴ്ചപരിധിയെയും ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലും തീരദേശ മേഖലകളിലുമായിരിക്കും മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാവുക. പലയിടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിലേക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറയും. അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഗതാഗത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ വേഗത കുറച്ചും കൂടുതല്‍ ശ്രദ്ധയോടെയും വാഹനം ഓടിക്കണമന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. മൂടല്‍മഞ്ഞുള്ളപ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെും അധികൃതര്‍ ആവശ്യപ്പെട്ടു.

Content Highlights: Cold weather and dense fog conditions are intensifying in several parts of the UAE, prompting authorities to issue warnings to motorists. Drivers have been advised to reduce speed, maintain safe distances, and exercise extra caution while driving to prevent accidents during low visibility conditions.

To advertise here,contact us