ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള അവധിക്കാല യാത്രകൾ ഇനി മുതൽ കൂടുതൽ എളുപ്പമാകും. പേപ്പർ ടിക്കറ്റുകൾക്കും പേയ്മെന്റ് മെഷീനുകൾക്കും മുന്നിലെ നീണ്ട ക്യൂവിനും അറുതി വരുത്തിക്കൊണ്ട് ദുബായ് എയർപോർട്ടും സാലിക് കമ്പനിയും പത്ത് വർഷത്തെ സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഹൈവേകളിലെ 'ഡ്രൈവ്-ത്രൂ' സൗകര്യത്തിന് സമാനമായി വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. പാർക്കിംഗ് പേയ്മെന്റുകൾക്കായി 'ഇ-വാലറ്റ്' സൗകര്യം കൊണ്ടുവരുന്നതിനായാണ് ദുബായ് എയർപോർട്ടും സാലിക് കമ്പനിയും 10 വർഷത്തെ കരാറിൽ ഒപ്പിട്ടത്. വിമാനത്താവളത്തിലെ പാർക്കിംഗ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമവും സ്മാർട്ടുമാക്കുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണിത്.
കരാർ പ്രകാരം, വിമാനത്താവളത്തിലെ എല്ലാ പെയ്ഡ് പാർക്കിംഗ് ഏരിയകളിലും സാലിക് ഇ-വാലറ്റ് സംവിധാനം വഴി പാർക്കിംഗ് ഫീസ് അടയ്ക്കാം. ഇതോടെ പേപ്പർ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്മെന്റ് മെഷീനുകളുടെയോ ആവശ്യം ഇല്ലാതാകും. 2026 ജനുവരി 22 മുതൽ ഈ സംവിധാനം നിലവിൽ വരും. മൂന്ന് പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സൗകര്യം ലഭ്യമായിരിക്കും.
ഈ അത്യാധുനിക സംവിധാനം ഏതാനും സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ദുബായ് വിമാനത്താവളത്തിന്റെ ഹൃദയഭാഗങ്ങളിലാകെ പദ്ധതി നടപ്പിലാക്കും. 2026 ജനുവരി 22 മുതൽ ഏകദേശം 7,400 പാർക്കിംഗ് ഇടങ്ങളിൽ ഈ സേവനം ലഭ്യമാകും.
ദുബായ് വിമാനത്താവളത്തിൽ ടെർമിനൽ 3-ൽ കുടുംബാംഗങ്ങളെ വിടാൻ പോകുന്നവരായാലും കാർഗോ ടെർമിനലിൽ നിന്ന് സാധനങ്ങൾ കൈപ്പറ്റാൻ പോകുന്നവരായാലും ഒരു പേയ്മെന്റ് കൗണ്ടറിലും വാഹനം നിർത്താതെ തന്നെ അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് വരാനും പുതിയ സംവിധാനം യാത്രക്കാരെ സഹായിക്കുന്നു.
Content Highlights: Dubai International Airport has announced the removal of paper tickets and payment machines to streamline the travel process. The new system aims to simplify the passenger experience, offering a more efficient and user-friendly approach to air travel. This initiative is part of the airport's ongoing efforts to modernize and enhance convenience for travelers.