സ്കൂൾ മേഖലയിലെ ​ഗതാ​ഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം; പുതിയ പദ്ധതിയുമായി ദുബായ് ആർടിഎ

ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ദുബായിലെ സ്കൂൾ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗത്തിന് പകരമായി പുതിയൊരു സംവിധാനം ഒരുക്കുന്നതിനുമായി 'സ്കൂൾ ട്രാൻസ്‌പോർട്ട് പൂളിംഗ്' പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. 2026-ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിക്കായി യാംഗോ ഗ്രൂപ്പ്, അർബൻ എക്സ്പ്രസ് ട്രാൻസ്‌പോർട്ട് എന്നിവരുമായി ആർടിഎ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ പരീക്ഷണ പദ്ധതി പ്രകാരം, നിശ്ചിത ഭൂമിശാസ്ത്ര പരിധിയിലുള്ള ഒന്നിലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഷെയേഡ് ബസ് സൗകര്യം ഒരുക്കും. യാത്രകളുടെ കൃത്യമായ ഏകോപനം, വാഹനങ്ങളുടെ ട്രാക്കിംഗ്, പ്രവർത്തനങ്ങളുടെ നിരീക്ഷണം എന്നിവയ്ക്കായി അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്.

ദുബായിലെ സ്കൂൾ ഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷ, സുരക്ഷിതത്വം, നിയന്ത്രണങ്ങൾ, നിയമപരമായ ആവശ്യകതകൾ എന്നിവയെല്ലാം പാലിച്ചുകൊണ്ടായിരിക്കും ഈ പദ്ധതിയെന്ന് ആർടിഎ അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ കൂടുതൽ സുഗമമാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാൻ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും ഇത് സ്കൂൾ പരിസരങ്ങളിലെ ഗതാഗതക്കുരുക്കിന് നേരിട്ട് കാരണമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ സംരംഭത്തിലൂടെ, കുറഞ്ഞ നിരക്കിൽ ഒരു ബദൽ സ്കൂൾ യാത്രാ സംവിധാനം ഒരുക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. ഇത് ഗതാഗതം സുഗമമാക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട യാത്രാ അനുഭവം നൽകാനും സഹായിക്കുമെന്നും അധികൃതർ വിലയിരുത്തി.

Content Highlights:

To advertise here,contact us