അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ദുബായ് ശതകോടീശ്വരൻ ഖലഫ് അൽ ഹബ്തൂർ. ട്രംപിന്റെ പ്രകോപനപരമായ നിലപാടുകളെയും സൈനിക നീക്കങ്ങളെയുമാണ് ഖലഫ് അൽ ഹബ്തൂർ വിമർശിച്ചത്. ലോക രാഷ്ട്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ ഇടപെടലുകൾ അത്യന്തം അപകടകരമാണെന്നാണ് ഖലഫ് അൽ ഹബ്തൂറിന്റെ വാദം. ലോകത്തിന് ഇപ്പോൾ ആവശ്യം സമാധാനത്തിന്റെ പാതയാണെന്നും അമേരിക്കൻ നയങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പും നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് മെക്സിക്കോ, ക്യൂബ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ട്രംപ് ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് ഹബ്തൂരിന്റെ വിമർശനമുണ്ടായത്. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഭാഷ പ്രയോഗിക്കുന്നത് താൽക്കാലികമായ ജനപ്രീതിക്ക് കാരണമായേക്കാം. എന്നാൽ ലോകത്തിന് എന്നെന്നും ഗുണകരം സമാധാനത്തിന്റെ പാതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
'എത്രയോ വർഷങ്ങളായി നാറ്റോ സഖ്യകക്ഷികളുൾപ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്ക സൗഹൃദം സൂക്ഷിക്കുന്നു. എന്നാൽ അവരുമായി ട്രംപ് ഇപ്പോൾ എന്തിനാണഅ ശത്രുതയുണ്ടാക്കുന്നത്? അമേരിക്കയുടെ താൽപ്പര്യങ്ങളും ആശങ്കകളും അവ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹരിക്കണം. സംവാദത്തിന് പകരം വെനസ്വേലയിലേതുപോലെ സൈനിക നടപടികൾക്കാണ് ട്രംപ് മുൻഗണന നൽകുന്നതെങ്കിൽ, ലോകം ഒട്ടും ആഗ്രഹിക്കാത്ത വലിയ യുദ്ധമുഖങ്ങൾ തുറക്കാൻ അത് കാരണമാകും.' ഖലഫ് അൽ ഹബ്തൂർ മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണം. വെനസ്വേലയുടെ ഭരണം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആഗോള സുസ്ഥിരതയെ പാടെ തകർക്കുന്നതാണ്. ഒരു പരമാധികാര രാജ്യത്തേക്ക് അതിക്രമിച്ചു കയറി അവിടുത്തെ ഭരണാധികാരിയെ പിടികൂടാൻ മറ്റൊരു രാജ്യത്തിന് എങ്ങനെ അവകാശമുണ്ടെന്ന ശക്തമായ ചോദ്യവും ഖലഫ് അൽ ഹബ്തൂർ ഉയർത്തുകയുണ്ടായി.
പ്രതിസന്ധികൾ സൃഷ്ടിക്കുന്നവനല്ല, മറിച്ച് തർക്കങ്ങൾ പരിഹരിക്കുകയും ഏറ്റുമുട്ടലുകൾ ഒഴിവാക്കുകയും ചെയ്യുന്നവനാണ് യഥാർഥ നേതാവെന്ന് ഹബ്തൂർ ഓർമിപ്പിച്ചു. വിവേകവും ആത്മനിയന്ത്രണവുമാണ് നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. സമാധാനത്തിന്റെ പാത ദുഷ്കരമാണെങ്കിലും സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ അത് മാത്രമാണ് ഏക വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: A Dubai-based billionaire has strongly criticised a recent move by former US President Donald Trump, stating that it scared countries across the world. He described the action as dangerous and warned that such steps could negatively impact global stability and international relations.