അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്‌സ്ആപ്പ് കോളുകള്‍ക്കെതിരെ ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി യുഎഇ

ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയാകും തട്ടിപ്പ് സംഘം വാട്‌സാപ്പ് കോളില്‍ പ്രത്യക്ഷപ്പെടുക.

അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്‌സ്ആപ്പ് കോളുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്ക് ആയ എമിറേറ്റ്സ് എന്‍ ബി ഡി. ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നും സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ ഇത് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വാട്‌സാപ്പ് കോളിലൂടെ ഫോണ്‍ ഹാക്ക് ചെയ്ത് ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുക്കുന്നതായുള്ള പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് എന്‍ബിഡി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റ വോയ്സ് കോളിലൂടെ സ്മാര്‍ട്ട്ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുന്ന 'സീറോ-ഡേ' ആണ് സൈബര്‍ കുറ്റവാളികള്‍ പിന്‍തുടരുന്നത്. ഈ സൈബര്‍ അറ്റാക്ക് സാധാരണ ഫിഷിംഗ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ്. വളരെ വേഗത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യാനും വ്യക്തിഗത ഫോട്ടോകള്‍, സ്വകാര്യ സംഭാഷണങ്ങള്‍, ബാങ്ക് അക്കൗണ്ട് ഡേറ്റ എന്നിവ സ്വന്തമാക്കാനും ഇവര്‍ക്ക് കഴിയും.

ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയാകും തട്ടിപ്പ് സംഘം വാട്‌സാപ്പ് കോളില്‍ പ്രത്യക്ഷപ്പെടുക. സംശയം തോന്നാത്ത വിധത്തിലായിരിക്കും പെരുമാറ്റം. വിശ്വാസ്യത വര്‍ധിപ്പിക്കാനായി ബാങ്കിന്റെ വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പെടെ ഇവര്‍ കാണിക്കുകയും ചെയ്യും. അഞ്ജാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമന്നും എമിറേറ്റ്‌സ് എന്‍ ബി ഡി മുന്നറിയിപ്പ് നല്‍കി.

ഇ-മെയിലില്‍ ഉള്‍പ്പെടെ ലഭിക്കുന്ന അഞ്ജാത ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്. ഒരു നിമിഷത്തെ ജാഗ്രത ക്കുറവ് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അഞ്ജാത കോളുകളോട് പ്രതികരിച്ച നിരവധി ആളുകള്‍ക്ക് പണം നഷ്ടമായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദേശങ്ങളിലൂടെയോ ഫോണ്‍ കോളുകളിലൂടെയോ ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍, പാസ്‍വേഡുകള്‍, എന്നിവ ബാങ്ക് ആവശ്യപ്പെടാറില്ലെന്നും എമിറേറ്റ്‌സ് എന്‍ ബി ഡി വ്യക്തമാക്കി. സംശയാസ്പദമായ കോളുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഔദ്യോഗിക സംവിധാനങ്ങളിലുടെ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Content Highlights: UAE authorities have issued a warning advising residents to exercise caution when receiving WhatsApp calls from unknown numbers. The advisory highlights the risk of fraud and cybercrime linked to such calls and urges the public not to share personal or financial information with unidentified callers.

To advertise here,contact us