ഈ വര്ഷത്തെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായിലേക്ക് ഒഴുകിയെത്തിയത് വന് ജനാവലിയെന്ന് കണക്കുകള്. ആറ് ദിവസത്തിനിടെ 13.7 ലക്ഷം യാത്രക്കാരാണ് ദുബായ് വഴി കടന്നു പോയത്. അതിര്ത്തികള് വഴിയും കടല് മാര്ഗവുമുള്ള യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതുവത്സര അവധിക്കാലമായ ഡിസംബര് 29 മുതല് ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങളിലെ കണക്കാണ് ദുബായ് ജിഡിആര്എഫ്എ പുറത്തുവിട്ടത്. കേവലം ആറ് ദിവസത്തിനുളളില് 1.37 മില്ല്യണ് യാത്രക്കാരാണ് ദുബായിലെ വ്യോമ, കര, കടല് മാര്ഗങ്ങളിലൂടെ കടന്നുപോയത്. ഏറ്റവും കൂടുതല് യാത്രക്കാര് എത്തിയത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. 12,72,246 പേരാണ് ഈ ദിവസങ്ങളില് ഇതുവഴി യാത്ര ചെയ്തത്. ഹത്ത ഉള്പ്പെടെയുള്ള കരമാര്ഗമുള്ള അതിര്ത്തികള് വഴി 77,059 പേരും തുറമുഖങ്ങള് വഴി 21,135 പേരും ആറ് ദിവസത്തിനിടെ യാത്ര ചെയ്തു.
വലിയ തിരക്കിനിടയിലും യാത്രക്കാര്ക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കാന് സാധിച്ചതായി ജിഡിആര്എഫ്എ ഡയറക്ടര് ജനറല് ലഫ് ജനറല് മുഹമ്മദ് അഹ്മദ് അല് മര്റി പറഞ്ഞു. യാത്രക്കാരുടെ സംതൃപ്തിക്കും സുരക്ഷയ്ക്കുമാണ് മുന്ഗണന നല്കിയതെന്നും സാങ്കേതികവിദ്യയും ഫീല്ഡ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലും സംയോജിപ്പിച്ചതാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരക്കേറിയ സമയങ്ങളില് സ്മാര്ട്ട് ഗേറ്റുകളുടെ ഉപയോഗം വലിയ ആശ്വാസമാണ് നല്കിയതെന്ന് ദുബായ് എയര്പോര്ട്ടിലെ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടര് ജനറല് മേജര് ജനറല് തലാല് അഹമ്മദ് അല് ഷന്കിതി പറഞ്ഞു. കര, കടല് മാര്ഗങ്ങളിലെ ഉദ്യോഗസ്ഥരുടെ മികച്ച ഏകോപനമാണ് നേട്ടത്തിന് പിന്നിലെന്ന് ലാന്ഡ് ആന്ഡ് സീ പോര്ട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടര് ജനറല് മേജര് ജനറല് സലാ അഹമ്മദ് അല് ഖംസിയും ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തെയും നേരിടാനുള്ള ദുബായിയുടെ മികച്ച തയ്യാറെടുപ്പാണ് ഈ കണക്കുകള് സൂചിപ്പിക്കുന്നതെന്ന് അധികൃതര് വ്യക്തമാക്കി.
Content Highlights: Dubai saw a massive turnout during the New Year celebrations, drawing crowds from across the city. Authorities have released official figures confirming the high attendance, reflecting the scale and popularity of the festivities.