ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അനാസ്ഥ; യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരുന്നത് മണിക്കൂറുകളോളം

വെബ്‌സൈറ്റിലെ ഫ്‌ലൈറ്റ് സ്റ്റാറ്റസില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിഭാഗം യാത്രക്കാരും അത് ശ്രദ്ധിച്ചിരുന്നില്ല

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അനാസ്ഥയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അബുദബി വിമാനത്തവളത്തില്‍ കഴിയേണ്ടിവന്നത് മണിക്കൂറുകളോളം സമയം. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുളള വിമാനം നാല് മണിക്കൂറോളമാണ് വൈകിയത്. സമയമാറ്റം യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാത്തതാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.

യുഎഇ സമയം ഉച്ചക്ക് 1.20ന് ആയിരുന്നു അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്കുളള ഇന്‍ഡിഗോ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതനുസരിച്ച് പത്ത് മണിയോടെതന്നെ ഭൂരിഭാഗം യാത്രക്കാരും വിമാനത്താവളത്തില്‍ എത്തി. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ബോര്‍ഡിംഗ് നടപടികള്‍ ആരംഭിക്കാതെ വന്നതോടെ യാത്രക്കാര്‍ അന്വേഷിച്ചപ്പോഴാണ് വിമാനം വൈകുമെന്ന വിവരം ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചത്. അതിന് മുമ്പ് ഔദ്യോഗികമായി യാതൊരു അറിയിപ്പും അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

വെബ്‌സൈറ്റിലെ ഫ്‌ലൈറ്റ് സ്റ്റാറ്റസില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിഭാഗം യാത്രക്കാരും അത് ശ്രദ്ധിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ മൂലം കണ്ണൂരില്‍ നിന്നുള്ള വിമാനം അബുദബിയിലേക്ക് തിരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ഇന്‍ഡിഗോ യാത്രക്കാരെ അറിയിച്ചത്. വൈകുന്നേരം വിമാനം പുറപ്പെടുമെന്ന അറിയിപ്പും പിന്നാലെ വന്നു. ഇതോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മണിക്കൂറുകളോളം വിമാനത്തവാളത്തില്‍ തുടരേണ്ടി വന്നത്.

സൗദി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലെ താമസക്കാരില്‍ ഭൂരിഭാഗവും യാത്രക്കായി ആശ്രയിക്കുന്നത് അബുദബി വിമാനത്തവളത്തെയാണ്. നാലും അഞ്ചും മണിക്കൂര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാണ് ഈ മേഖലയില്‍ ഉള്ളവര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. അതിരാവിലെ വീടുകളില്‍ നിന്ന് പുറപ്പെട്ടവര്‍ക്ക് വൈകുന്നേരം വരെ വിമാനത്താവളത്തില്‍ തുടരേണ്ടി വന്നത് ഇന്‍ഡിഗോയുടെ അനാസ്ഥ കൊണ്ടുമാത്രമാണെന്ന് യാത്രക്കാര്‍ പറയുന്നു. എന്തായാലും ഒടുവില്‍ 5.13ന് യാത്രക്കാരെയും വഹിച്ചുകൊണ്ട് ഇന്‍ഡിഗോ വിമാനം അബുദബില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടു.

Content Highlights: Passengers accused Indigo Airlines of negligence after being forced to wait at the airport for several hours. The delay reportedly caused inconvenience to many travellers, leading to complaints about poor communication and service handling. The incident has once again raised concerns over airline accountability during flight disruptions.

To advertise here,contact us